കൊച്ചി: നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ വധിക്കാന്‍ ഗൂഢാലോചന നടത്തിയെന്ന കേസില്‍ നടന്‍ ദിലീപിന്റെയടക്കം ആറു ഫോണുകള്‍ ഹൈക്കോടതിയില്‍ സമര്‍പ്പിച്ചു. രജിസ്ട്രാര്‍ ജനറലിന് ഫോണുകള്‍ കൈമാറി. അതേസമയം, കേസില്‍ നിര്‍ണായകമെന്ന് പറഞ്ഞ ഒരു ഫോണ്‍ കോടതിയില്‍ ഹാജരാക്കിയിട്ടില്ല. കേസിനു പിന്നാലെ ദിലീപ് സ്വന്തം നിലയ്ക്കു മുംബൈക്കു ശാസ്ത്രീയ പരിശോധനയ്ക്ക് അയച്ച രണ്ടു ഫോണുകള്‍ കഴിഞ്ഞ ദിവസമാണ് തിരിച്ചെത്തിച്ചത്.
സംവിധായകന്‍ ബാലചന്ദ്രകുമാറിന്റെ വെളിപ്പെടുത്തലിനു പിന്നാലെ പുറത്തുവന്നതും അന്വേഷണസംഘം കോടതിയില്‍ ഉന്നയിച്ചതുമായ കാര്യങ്ങളില്‍ ഫോണ്‍ ശാസ്ത്രീയ പരിശോധനയ്ക്ക് വിധേയമാക്കുന്നതോടെ കഴിയുമെന്നാണ് ക്രൈംബ്രാഞ്ച് കരുതുന്നത്. ഈ മൊബൈലുകള്‍ ഫോറന്‍സിക് പരിശോധന നടത്താന്‍ ഏതു ഏജന്‍സിക്കു നല്‍കണമെന്നതടക്കമുള്ള കാര്യങ്ങളില്‍ കോടതി ഇന്നു വ്യക്തത വരുത്തും. അതേസമയം, കേസുമായി ബന്ധപ്പെട്ടു കൂടുതല്‍ വിവരങ്ങള്‍ ശേഖരിക്കുന്നതിനായി ദിലീപിനെ കസ്റ്റഡിയില്‍ വച്ച് ചോദ്യം ചെയ്യാനുള്ള നീക്കത്തിലാണ് ക്രൈംബ്രാഞ്ച്.
ഫോണ്‍ പരിശോധിക്കുന്നതിലൂടെ കേസിനാസ്പദമായ വിവരങ്ങള്‍ ലഭിക്കുമെന്ന് അന്വേഷണസംഘം വ്യക്തമാക്കി. ഇങ്ങനെ വന്നാല്‍ തൊട്ടടുത്ത നിമിഷം കോടതി അനുമതിയോടെ ക്രൈംബ്രാഞ്ച് ദിലീപിന്റെ അറസ്റ്റിലേക്ക് കടക്കും. കേസില്‍ ദിലീപിന്റെ ആവശ്യങ്ങളെ കോടതി പരിഗണിക്കാത്തത് നേട്ടമായാണ് അന്വേഷണ സംഘം വിലയിരുത്തുന്നത്.
അതേസമയം, സംവിധായകന്‍ ബാലചന്ദ്രകുമാര്‍ പറഞ്ഞ ഭൂരിഭാഗം കാര്യങ്ങളിലും ഫോണ്‍ പരിശോധനയിലൂടെ വ്യക്തത വരുമെന്നാണ് കരുതുന്നത്. അതോടൊപ്പം മാഡം ആരാണെന്നു തെളിയിക്കുന്ന സൂചനകളും ഈ ഫോണുകളില്‍ നിന്നു ലഭിക്കുമെന്നാണ് ക്രൈംബ്രാഞ്ച് കരുതുന്നത്. ഫോണ്‍ വിളികള്‍, എസ്എംഎസ്, ചാറ്റിംഗ്, വീഡിയോ, ചിത്രങ്ങള്‍, കോള്‍ റിക്കാര്‍ഡിംഗ് തുടങ്ങിയവ പരിശോധനയ്ക്ക് വിധേയമാക്കിയേക്കും.
2017 ഡിസംബറില്‍ എംജി റോഡിലെ ഫ്‌ലാറ്റില്‍ വച്ചും 2018 മേയില്‍ പോലീസ് ക്ലബ്ബില്‍ വച്ചും 2019ല്‍ സുഹൃത്ത് ശരത്തും സിനിമ നിര്‍മാതാവുമായും അന്വേഷണ ഉദ്യോഗസ്ഥരെ വധിക്കാനുള്ള ഗൂഢാലോചന നടത്തിയെന്നും പ്രോസിക്യൂഷന്‍ കഴിഞ്ഞ ദിവസം കോടതിയെ അറിയിച്ചിരുന്നു. ഈ കാര്യങ്ങളില്‍ വ്യക്തത വരുത്തുന്ന പരിശോധനകളും ഇന്നു ഹാജരാക്കുന്ന ഫോണുകള്‍ കേന്ദ്രീകരിച്ച് നടക്കും.