KeralaNews

ഫിയോക് യോഗത്തില്‍ വേദി പങ്കിട്ട് ദിലീപും രഞ്ജിത്തും

കൊച്ചി: ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ രഞ്ജിത്തും നടന്‍ ദിലീപും ഒരേ വേദിയില്‍. ഫിയോക് ബൈലോ കമ്മിറ്റി യോഗത്തിലാണ് ഇരുവരും വേദി പങ്കിട്ടത്. ആജീവനാന്ത ചെയര്‍മാന്‍, വൈസ് ചെയര്‍മാന്‍ പദവികള്‍ ഒഴിവാക്കുന്ന കാര്യം ഇന്ന് ചേരുന്ന യോഗത്തില്‍ ചര്‍ച്ച ചെയ്യുമെന്ന് നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.

രഞ്ജിത്തിനെ വേദിയിലിരുത്തി പുകഴ്ത്തിയ ദിലീപ് ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ സ്ഥാനത്തിരിക്കാന്‍ രഞ്ജിത്ത് യോഗ്യനാണെന്ന് പറഞ്ഞു. ഫിയോകിന്റെ ആജീവനാന്ത ചെയര്‍മാനാണ് ദിലീപ്. ആന്റണി പെരുമ്പാവൂരാണ് വൈസ് ചെയര്‍മാന്‍. ആന്റണി പെരുമ്പാവൂര്‍ ഇന്നത്തെ യോഗത്തില്‍ പങ്കെടുത്തില്ല.

ഐഎഫ്എഫ്കെ ഉദ്ഘാടന വേദിയില്‍ ഭാവന അതിഥിയായി എത്തിയപ്പോള്‍ രഞ്ജിത്താണ് സ്വീകരിച്ചത്. പോരാട്ടത്തിന്റെ പെണ്‍പ്രതീകമെന്ന് വിശേഷിപ്പിച്ച് കൊണ്ടായിരുന്നു രഞ്ജിത് ഭാവനയെ വേദിയിലേക്ക് ക്ഷണിച്ചത്. ഇതിന് പിന്നാലെ നടിയെ ആക്രമിച്ച കേസില്‍ ദിലീപ് ജയിലിലായിരുന്നപ്പോള്‍ രഞ്ജിത്ത് കാണാന്‍ പോയ സംഭവത്തെ വിമര്‍ശിച്ച് നിരവധി പേര്‍ രംഗത്തെത്തിയിരുന്നു.

അതേസമയം ദിലീപ് പ്രതിയായ വധഗൂഢാലോചന കേസില്‍ സംവിധായകന്‍ ബാലചന്ദ്രകുമാറിനോട് ചോദ്യങ്ങളുമായി ഹൈക്കോടതി രംഗത്തെത്തി. ഇത്രയും പ്രധാന തെളിവുകള്‍ കൈവശമുണ്ടായിരുന്നിട്ടും പുറത്തുവിടാന്‍ വൈകിയത് എന്തേയെന്ന് കോടതി ചോദിച്ചു. ബാലചന്ദ്രകുമാറിന് ദുരുദ്ദേശ്യമുണ്ടായിരുന്നോ എന്ന സംശയവും ഹൈക്കോടതി പ്രകടിപ്പിച്ചു.

അന്വേഷണ ഉദ്യോഗസ്ഥരെ വധിക്കാന്‍ ഗുഢാലോചന നടത്തിയെന്ന കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ദിലീപ് സമര്‍പ്പിച്ച ഹര്‍ജിയില്‍ വാദം നടക്കുന്നതിനിടെയാണ് കോടതി സുപ്രധാന ചോദ്യങ്ങള്‍ ചോദിച്ചത്. എന്നാല്‍ കോടതിയുടെ ഈ ചോദ്യങ്ങള്‍ നിലവില്‍ പ്രസക്തമല്ലെന്ന് ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷന്‍ മറുപടി നല്‍കി.

കേസുമായി ബന്ധപ്പെട്ട തെളിവുകള്‍ ദിലീപ് നശിപ്പിച്ചു. ഫോണിലുണ്ടായിരുന്ന തെളിവുകള്‍ മുംബൈയിലെ സ്ഥാപനം വഴിയാണ് നീക്കിയത്. ഇക്കാര്യം പരിശോധനയില്‍ വ്യക്തമായിട്ടുണ്ട്. ഏഴ് ഫോണുകള്‍ കൈവശമുള്ള ദിലീപ് ആറ് ഫോണുകള്‍ മാത്രമാണ് പോലീസിന് പരിശോധിക്കാന്‍ നല്‍കിയതെന്നും അതിനാല്‍ കേസ് ഒഴിവാക്കണമെന്ന ദിലീപിന്റെ ഹര്‍ജി തള്ളണമെന്നും പ്രോസിക്യൂഷന്‍ നിലപാടെടുത്തു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button