കൊല്ലം:നാടിളക്കി മറിച്ചുള്ള തെരച്ചില്‍ നടത്തിയിട്ടും നെടുമണ്‍കാവില്‍ നിന്നും കാണാതായ ആറുവയസുകാരിയേക്കുറിച്ച് വിവരമില്ല.പോലീസ് നായ കുട്ടിയുടെ വീടിനോട് ചേര്‍ന്ന വിവിധയിടങ്ങളില്‍ പരിശോധന നടത്തിയെങ്കിലും തുമ്പ് ലഭിച്ചില്ല.
കുട്ടി പുഴയില്‍ വീണതാകാമെന്ന സംശയത്തില്‍ അഗ്‌നിരക്ഷാ സേനയും മുങ്ങല്‍ വിദഗ്ധരും സമീപത്തെ പുഴയില്‍ മണിക്കൂറുകളായി തിരച്ചില്‍ നടത്തുകയാണ്. എന്നാല്‍ ഒരു സൂചനയും ലഭിച്ചിട്ടില്ല.
വ്യാഴാഴ്ച രാവിലെ 10.15 ഓടെയാണ് ഇളവൂരിലെ പ്രദീപ്-ധന്യ ദമ്പതിമാരുടെ മകള്‍ ദേവനന്ദയെ വീടിന് മുന്നില്‍ കളിച്ചുകൊണ്ടിരിക്കെ കാണാതായത്. സംഭവസമയം കുട്ടിയുടെ അമ്മ മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. വീടിന് പുറകില്‍ തുണി അലക്കുകയായിരുന്ന ഇവര്‍ കുറച്ചുസമയത്തേക്ക് മകളുടെ ശബ്ദമൊന്നും കേള്‍ക്കാതായതോടെയാണ് വീടിന്റെ മുന്‍വശത്ത് എത്തിയത്. ഈ സമയം വീടിന്റെ വാതില്‍ തുറന്നുകിടക്കുന്നനിലയിലുമായിരുന്നു. തുടര്‍ന്ന് വീടിനകത്തെല്ലാം പരിശോധിച്ചെങ്കിലും മകളെ കണ്ടില്ല. ഇതോടെയാണ് ധന്യ ബഹളംവെച്ച് നാട്ടുകാരെ വിവരമറിയിച്ചത്.
പോലീസ് നായ മണം പിടിച്ച് പുഴ കടന്ന് പോവുകയും വള്ളക്കടവില്‍ എത്തുകയും ചെയ്തിരുന്നു. അവിടെ നിന്നും നായ തിരികെ കുട്ടിയുടെ വീട്ടിലേക്ക് തിരിച്ചെത്തുകയായിരുന്നു. ദേവനന്ദയെക്കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവര്‍ എത്രയും വേഗം അറിയിക്കണമെന്നാവശ്യപ്പെട്ട് സമൂഹമാധ്യമങ്ങളിലൂടെ കുട്ടിയുടെ ചിത്രം വ്യാപകമായി പങ്കുവയ്ക്കുന്നുണ്ട്.