മുംബൈ:ടൈം മാസികയുടെ കവറില്‍ പ്രത്യക്ഷപ്പെട്ട് ബോളിവുഡ് സൂപ്പര്‍താരം ദീപിക പദുക്കോണ്‍. ബീജ് നിറത്തിലുള്ള ഓവര്‍ സൈസ് സ്യൂട്ടും പാന്റുമിട്ട ദീപികയുടെ ഒരു സ്റ്റൈലിഷ് ഫോട്ടോയാണ് ടൈം മാസികയുടെ കവറായി ഉപയോഗിച്ചിരിക്കുന്നത്.
ദീപികയെ ടൈം മാസികയുടെ കവര്‍ ആഗോള താരമെന്നാണ് വിശേഷിപ്പിക്കുന്നത്. ലോകത്തെ ബോളിവുഡിലെത്തിക്കുന്ന താരമാണ് ദീപികയെന്നും ടൈം മാസിക വിശേഷിപ്പിക്കുന്നു. പഠാന് വിവാദത്തിലും ജെഎന്‍യു വിഷയത്തിലുമുള്പ്പെടെയുള്ള രാഷ്ട്രീയ നിലപാടുകള്‍ ആരാഞ്ഞുകൊണ്ടുള്ള ദീപികയുടെ ഒരു അഭിമുഖവും ടൈം മാസിക പ്രസിദ്ധീകരിച്ചിട്ടുണ്ട്.
പഠാന് വിവാദത്തിലോ ജെഎന്‍യു വിഷയത്തിലോ പദ്മാവത് വിവാദത്തിലോ തനിക്ക് ഇപ്പോള്‍ പ്രത്യേകിച്ച് ഒന്നും തോന്നുന്നില്ലെന്നാണ് ടൈം മാസികയോട് ദീപികയുടെ പ്രതികരണം. 2018ല്‍ ലോകത്തില്‍ ഏറ്റവുമധികം സ്വാധീനം ചെലുത്തിയ 100 പേരില്‍ ഒരാളായി ടൈം മാസിക ദീപിക പദുക്കോണിന തെരഞ്ഞെടുത്തിരുന്നു. ഇതിന് പിന്നാലെയാണ് മാസികയുടെ കവറായി ദീപിക എത്തുന്നത്.
ചരിത്രത്തെ വളച്ചൊടിച്ചുവെന്ന് വിമര്‍ശിച്ചായിരുന്നു ദീപികയുടെ പദ്മാവത് എന്ന സിനിമയ്ക്ക് നേരെ കര്‍ണിസേന ശക്തമായ പ്രതിഷേധം ഉയര്‍ത്തിയത്. 2020ല്‍ പൗരത്വനിയമ ഭേദഗതിയ്ക്കെതിരായ പ്രതിഷേധത്തില്‍ ജെഎന്‍യു വിദ്യാര്‍ത്ഥി സമരത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചാണ് ദീപിക സര്‍വകലാശാലയിലെത്തിയത്.
ഇത് വലിയ രാഷ്ട്രീയ ചര്‍ച്ചകള്‍ക്ക് ഇടയാക്കി. ഈ വര്‍ഷം ഷാരൂഖിനൊപ്പമുള്ള പഠാന് എന്ന സിനിമയിലെ ഹിറ്റ് ഗാനമായ ബേഷാരം രംഗ് എന്നതില്‍ ദീപിക കാവി നിറത്തിലുള്ള ബിക്കിനി ധരിച്ചെത്തിയത് ചൂണ്ടിക്കാട്ടി തീവ്ര ഹിന്ദുഗ്രൂപ്പുകള്‍ സൈബര്‍ ആക്രമണം ഉള്‍പ്പെടെ നടത്തിയിരുന്നു.
ഇതിനെല്ലാമെതിരെ തനിക്ക് എന്തെങ്കിലും തോന്നേണ്ടതുണ്ടോ എന്ന് തനിക്ക് അറിയില്ലെന്നും ഇതിനെക്കുറിച്ചൊന്നും ഇപ്പോള്‍ ഒന്നും തോന്നുന്നില്ല എന്നതാണ് സത്യമെന്നും ടൈം മാസികയ്ക്ക് അനുവദിച്ച അഭിമുഖത്തില്‍ ദീപിക പറഞ്ഞു.