ദുരനുഭവം; യുവാവിനെ ഓടിച്ചിട്ട് തല്ലി ദീപിക പദുകോൺ, പുപ്പുലിയെന്ന് ആരാധകർ
കൊച്ചി:ഇന്ന് ലോകമെമ്പാടും ഒട്ടനവധി ആരാധകരുള്ള ബോളിവുഡ് താര സുന്ദരിയാണ് ദീപിക പദുകോൺ. കന്നഡ ചിത്രത്തിലൂടെ വെള്ളിത്തിരയിൽ അരങ്ങേറ്റം കുറിച്ച ദീപിക ഓം ശാന്തി ഓം എന്ന ഷാരൂഖ് ചിത്രത്തിലൂടെ ബോളിവുഡിന്റെ മുൻനിര നായികയായി വളർന്നത് വളരെ പെട്ടെന്ന് ആയിരുന്നു.
തെന്നിന്ത്യൻ ചിത്രങ്ങളിലടക്കം നിരവധി മികച്ച കഥാപാത്രങ്ങൾ സമ്മാനിച്ച ദീപികയ്ക്ക് കേരളത്തിലും ആരാധകർ ഏറെയാണ്. നിലവിൽ അമ്മയാകാനുള്ള തയ്യാറെടുപ്പിലാണ് താരം. ഈ അവസരത്തിൽ കുട്ടിക്കാലത്ത് ദീപികയ്ക്ക് ഉണ്ടായൊരു ദുരനുഭവവും അതിനെ താരം കൈകാര്യം ചെയ്ത രീതിയും സോഷ്യൽ ലോകത്ത് കയ്യടി നേടുകയാണ്.
പതിനാലാമത്തെ വയസിൽ അച്ഛനും അമ്മയ്ക്കും ഒപ്പം റോഡിലൂടെ പോകവെ ആയിരുന്നു ദീപികയ്ക്ക് ദുരനുഭവം ഉണ്ടായത്. മാതാപിതാക്കൾക്ക് ഒപ്പം നടന്നു പോകവെ ഒരു യുവാവ് ദീപികയെ കയറിപിടിക്കുക ആയിരുന്നു. ഉടൻ തന്നെ താൻ പ്രതികരിച്ചുവെന്നും റോഡിലൂടെ ഓടിച്ചിട്ട് അയാളെ തല്ലിയെന്നും ദീപിക പറഞ്ഞു. മുൻപ് ഇന്ത്യ ടുഡേയ്ക്ക് നൽകിയ അഭിമുഖത്തിൽ ആയിരുന്നു താരത്തിന്റെ വെളിപ്പെടുത്തൽ.
“അന്നെനിക്ക് പതിനാല്, പതിനഞ്ച് വയസ് പ്രായം കാണും. ഞാനും അച്ഛനും അമ്മയും സഹോദരിയും കൂടി വൈകുന്നേരം റസ്റ്റോറന്റിൽ പോയി മടങ്ങി വരിക ആയിരുന്നു. അച്ഛനും സഹോദരിയും മുന്നിലും ഞാനും അമ്മയും പുറകിലുമായിട്ടാണ് നടക്കുന്നത്. പെട്ടെന്നൊരാൾ എന്റെ പിടിച്ച് വലിച്ചു. കുറച്ച് നേരത്തേക്ക് എനിക്ക് എന്താണ് സംഭവിച്ചത് എന്ന് മനസിലായില്ല.
അയാളോട് എനിക്ക് അറപ്പും വെറുപ്പും തോന്നി. വെറുതെ വിടാൻ തോന്നിയില്ല. എനിക്ക് സംഭവിച്ചത് വേറൊരാൾ നാളെ സംഭവിക്കാം എന്ന് ഞാൻ ചിന്തിച്ചു. ഞാൻ ആയാളുടെ പിന്നാലെ പോയി. അന്നെനിക്ക് നല്ല പൊക്കം ഉണ്ടായിരുന്നു. അയാളുടെ കോളറിൽ പിടിച്ചു വലിച്ചു. എല്ലാവരുടെയും മുന്നിൽ വച്ച് തല്ലി. അന്നെനിക്ക് പതിനാല് വയസ് മാത്രമാണ് പ്രായമെന്ന് ഓർക്കണം. അന്ന് മുതൽ ഞാൻ എന്നെ തന്നെ സംരക്ഷിക്കാൻ പക്വതയായി എന്ന് അച്ഛനും അമ്മയും തിരിച്ചറിയുക ആയിരുന്നു”, എന്നാണ് ദീപിക പദുകോൺ അന്ന് പറഞ്ഞത്.
വൈകാതെ രൺവീർ സിങ്ങും ദീപിക പദുകോണും മാതാപിതാക്കളാകും. ഈ മാസം ഇരുപത്തി നാലിനാണ് പ്രസവ ഡേറ്റ് എന്നാണ് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. കഴിഞ്ഞ ദിവസം പങ്കുവച്ച മെറ്റേണിറ്റി ഫോട്ടോ ഷൂട്ട് ഏറെ വൈറൽ ആയിരുന്നു.