കോഴിക്കോട് മെഡിക്കല്‍ കോളേജ് പരിസരത്തെ കിണറ്റില്‍ അഴുകിയ നിലയില്‍ അജ്ഞാത മൃതദേഹം

കോഴിക്കോട്: കോഴിക്കോട് മെഡിക്കല്‍ കോളേജിന് സമീപത്തെ കിണറ്റില്‍ അഴുകിയ നിലയില്‍ അജ്ഞാത മൃതദേഹം കണ്ടെത്തി. മായനാട് കുന്നുമ്മല്‍ നിര്‍മ്മാണത്തിലിരിക്കുന്ന വുഡ്എര്‍ത്ത് കമ്പനിയുടെ സ്ഥലത്തെ കിണറിലാണ് മൃതദേഹം കണ്ടെത്തിയത്. മുണ്ടും ഷര്‍ട്ടും ഇട്ടനിലയില്‍ കാണപ്പെട്ട മൃതദേഹത്തിന് ഒരു മാസത്തെ പഴക്കമുണ്ടെന്നാണ് പോലീസ് പറയുന്നത്. കിണറിന് പുറത്ത് നിന്നു രണ്ട് ഹവായ് ചെരുപ്പുകളും കണ്ടെടുത്തിട്ടുണ്ട്. ഇവിടെ ജോലിയെടുത്തിരുന്ന ഇതര സംസ്ഥാന തൊഴിലാളികള്‍ പറമ്പില്‍ വീണു കിടക്കുന്ന നാളികേരം പെറുക്കുന്നതിനിടെ ദുര്‍ഗന്ധം വമിക്കുകയായിരുന്നു. തുടര്‍ന്ന് നടത്തിയ തെരച്ചിലിലാണ് കിണറ്റില്‍ നിന്നും മൃതദേഹം കണ്ടെടുത്തത്.

തുടര്‍ന്ന് മെഡിക്കല്‍ കോളേജ് പോലീസ് സ്ഥലത്തെത്തി കാവലേര്‍പ്പെടുത്തി. മൃതദേഹം പുറത്തെടുത്ത് ഇന്‍ക്വസ്റ്റ് നടപടി പൂര്‍ത്തീകരിച്ചതിന് ശേഷം പോസ്റ്റ്മോര്‍ട്ടത്തിനായി മെഡിക്കല്‍ കോളേജ് മോര്‍ച്ചറിയിലേക്ക് മാറ്റുമെന്ന് അധികൃതര്‍ അറിയിച്ചു. അതിനിടെ പരിസരത്തു നിന്നും ഒരു യുവാവിനെ കാണാതായതായി സംശയം ഉയര്‍ന്നിട്ടുണ്ട്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News