31.1 C
Kottayam
Monday, May 13, 2024

ഇത് ഉത്തരേന്ത്യയിലല്ല, നമ്മുടെ സ്വന്തം കേരളത്തില്‍; ഗതാഗത സൗകര്യമില്ലാത്തതിനാല്‍ മൃതദേഹം തോളിലേറ്റി അയല്‍വാസികള്‍ നടന്നത് മൂന്നു കിലോ മീറ്റര്‍!

Must read

കൊച്ചി: ഗതാഗത സൗകര്യം ഇല്ലാത്തതിനെ തുടര്‍ന്ന് ആത്മഹത്യ ചെയ്തയാളുടെ മൃതദേഹവും തോളിലേറ്റി അയല്‍വാസികള്‍ നടന്നത് മൂന്ന് കിലോമീറ്ററോളം ദൂരം. ഉത്തരേന്ത്യയിലോ മറ്റെവിടെയോ അല്ല, നമ്മുടെ സ്വന്തം കേരളത്തിലാണ് സംഭവം. കോതമംഗലത്തിന് സമീപം കുട്ടമ്പുഴ കുഞ്ചിപ്പാറ ആദിവാസി കോളനിയിലെ സോമനെ (42) കഴിഞ്ഞ ദിവസമാണ് വീട്ടിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. തുടര്‍ന്ന് മൃതദേഹം പോസ്റ്റുമോര്‍ട്ടം ചെയ്യാനായി കോതമംഗലം ആശുപത്രിയിലെത്തിക്കാന്‍ അധികൃതര്‍ നിര്‍ദേശം നല്‍കി.

റോഡ് സൗകര്യമില്ലാത്തതിനാല്‍ ആംബുലന്‍സുകളൊന്നും കോളനിയിലേക്ക് വന്നില്ല. ജീപ്പുകള്‍ കിട്ടാതിരുന്നതും മൃതദേഹം ചുമന്ന് കൊണ്ടുപോകേണ്ട സാഹചര്യം ഒരുക്കി. തുടര്‍ന്ന് അയല്‍വാസികള്‍ ചേര്‍ന്ന് മൃതദേഹം പായയില്‍ കെട്ടി മൂന്നുകിലോമീറ്ററോളം നടന്ന് കല്ലേരിമേട്ടിലെത്തിച്ചു. അവിടെനിന്ന് ബ്ലാവന കടത്ത് വരെ മൃതദേഹം ജീപ്പില്‍ കൊണ്ടുപോയി. കടത്ത് കടന്ന ശേഷം കുട്ടമ്പു പഞ്ചായത്തിന്റെ ആംബുലന്‍സില്‍ കോതമംഗലം ആശുപത്രിയിലേക്കും എത്തിച്ചു.

കുട്ടമ്പുഴ പഞ്ചായത്തിലെ കുഞ്ചിപ്പാറ കോളനിയിലേക്ക് പാലവും റോഡും നിര്‍മിക്കണമെന്നത് നാട്ടുകാരുടെ ദീര്‍ഘകാലമായുള്ള ആവശ്യത്തിന് മുന്നില്‍ അധികൃതര്‍ കണ്ണടയ്ക്കുകയാണ്. മഴക്കാലത്ത് പുഴയില്‍ വെള്ളം നിറഞ്ഞാല്‍ ബ്ലാവന കടത്ത് വഴിയുള്ള യാത്ര ദുഷ്‌കരമാകും. ഇതോടെ കോളനിക്കാര്‍ ഒറ്റപ്പെട്ടു പോകുന്നത് പതിവാണ്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week