ഏറ്റുമാനൂർ :നഗര പരിധിയിലെ ഹോട്ടലുകളിൽ നഗരസഭ ആരോഗ്യ വിഭാഗത്തിന്റെ മിന്നൽ പരിശോധന. 8 ഹോട്ടലുകളിൽ നിന്നു പഴകിയതും ഭക്ഷ്യയോഗ്യമല്ലാത്തതുമായ ഭക്ഷണ സാധനങ്ങൾ പിടിച്ചെടുത്തു.
ഇന്നലെ രാവിലെ 6നാണു നഗരസഭ പരിധിയിൽ നഗരസഭ ആരോഗ്യ വിഭാഗത്തിന്റെ നേതൃത്വത്തിൽ റെയ്ഡ് നടന്നത്. പഴകിയ ചോറ്, പൊറോട്ട, ബീഫ്, ചിക്കൻ, ഭക്ഷ്യയോഗ്യമല്ലാത്ത അൽഫാ ഫ്രൈഡ് റൈസ്, പൂപ്പൽ പിടിച്ച അച്ചാറുകൾ, മീൻകറി, മീൻ വറുത്തത്, അവിയൽ, തോരൻ, ഗ്രേവികൾ എന്നിവയാണു പരിശോധനയിൽ കണ്ടെത്തിയ പഴകിയ ഭക്ഷണ സാധനങ്ങൾ.
അമല, അബ്ബ, വൃന്ദാവൻ, അമ്മ വീട്, എമിറേറ്റ്സ്, ശ്രുതി, മാളിക റസിഡൻസി, നാഷനൽ പാർക്ക് എന്നീ ഹോട്ടലുകളിൽ നിന്നാണു പഴകിയ ഭക്ഷണ സാധനങ്ങൾ പിടിച്ചെടുത്തത്. ഹോട്ടലുകൾക്കു ആരോഗ്യ വിഭാഗം നോട്ടിസ് നൽകി. പൊതു ഓടകളിലേക്കു മലിനജലം ഒഴുക്കുന്ന ഹോട്ടലുകൾക്ക് എതിരെ ശക്തമായ നടപടികൾ സ്വീകരിക്കുമെന്നും നഗരസഭ ആരോഗ്യവിഭാഗം അറിയിച്ചു.
ഭക്ഷ്യയോഗ്യമല്ലാത്ത ഭക്ഷണസാധനങ്ങൾ വിൽപനയ്ക്കായി സൂക്ഷിച്ച ഹോട്ടൽ ലൈസൻസ് ഉടമകളിൽ നിന്നു 2000 രൂപ മുതൽ പിഴ ഈടാക്കും. വീഴ്ചകൾ ആവർത്തിക്കുന്ന ഹോട്ടലുകളുടെ ലൈസൻസുകൾ റദ്ദ് ചെയ്യുമെന്നും ഹെൽത്ത് ഇൻസ്പെക്ടർ ആറ്റ്ലി പി.ജോൺ പറഞ്ഞു. ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർമാരായ എം.ആർ.രാജേഷ്, കെ.കെ.വിജിത, പി.വി. പ്രജിത എന്നിവർ നേതൃത്വം നൽകി.