പത്തനംതിട്ടയില്‍ വന്‍ ബാങ്ക് തട്ടിപ്പ്; പാസ്‌വേഡ് ദുരുപയോഗം ചെയ്ത് ജീവനക്കാരന്‍ വെട്ടിച്ചത് ഏഴുകോടി രൂപ

പത്തനംതിട്ട: കാനറ ബാങ്ക് പത്തനംതിട്ട ശാഖയില്‍ വന്‍ വെട്ടിപ്പ്. വിവിധ സ്ഥിരനിക്ഷേപ അക്കൗണ്ടുകളില്‍ നിന്നായി ഏഴു കോടി രൂപ കവര്‍ന്നെടുത്തതായി പരിശോധനയില്‍ കണ്ടെത്തി. പ്രതിയായ ജീവനക്കാരന്‍ കുടുംബത്തോടൊപ്പം ഒളിവിലാണ്. പോലീസ് അന്വേഷണം തുടങ്ങി. ഓഫീസര്‍മാരുടെ പാസ്‌വേഡ് ദുരുപയോഗം ചെയ്താണ് തിരിമറി നടത്തിയത്. 2019ല്‍ ബാങ്കില്‍ ജോലിയില്‍ പ്രവേശിച്ച പത്തനാപുരം സ്വദേശിയായ വിജീഷ് വര്‍ഗീസ് എന്ന വിമുക്ത ഭടനെയാണ് പോലീസ് തിരയുന്നത്.

ഒരു ബാങ്ക് ജീവനക്കാരന്റെ ഭാര്യയുടെ സ്ഥിര നിക്ഷേപ അക്കൗണ്ടിലെ പത്തുലക്ഷം രൂപ പിന്‍വലിച്ചതായി കണ്ടെത്തിയതോടെയാണ് തട്ടിപ്പ് പുറത്തായത്. മാനേജര്‍ വിശദീകരണം തേടിയപ്പോള്‍ അത് അബദ്ധത്തില്‍ സംഭവിച്ചതാണെന്നായിരുന്നു പ്രതിയുടെ മറുപടി. തുടര്‍ന്ന് ബാങ്ക് നടത്തിയ പരിശോധനയിലാണ് ഏഴുകോടി രൂപ പല അക്കൗണ്ടില് നിന്ന് മാറ്റിയതായി കണ്ടെത്തിയത്.

പ്രതിയുടെ ഭാര്യയുടെയും ബന്ധുക്കളുടെയും അടക്കം പല അക്കൗണ്ടുകളിലേക്കാണ് പണം മാറ്റിയതെന്നും വ്യക്തമായി. ഇതിനിടയില്‍ വിജീഷ് ബാങ്കില്‍ നിന്ന് മുങ്ങി. കൂടുതല്‍ അന്വേഷണം നടക്കുകയാണ്. മുമ്പ് സിന്‍ഡിക്കേറ്റ് ബാങ്കിന്റെതായിരുന്ന ശാഖ സിന്‍ഡിക്കേറ്റ് ബാങ്ക് കാനറ ബാങ്കില് ലയിപ്പിച്ചതോടെയാണ് കാനറ ബാങ്ക് ശാഖയായത്.

പത്തുലക്ഷം രൂപയുടെ തിരിമറി നടന്നതായാണ് ബാങ്ക് പരാതി നല്കിയിരിക്കുന്നതെന്ന് പോലീസ് അറിയിച്ചു. തുക ഒരു കോടിയില്‍ കൂടുതലായാല്‍ കേസ് സിബിഐക്ക് കൈമാറും.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News