24.7 C
Kottayam
Friday, May 17, 2024

മതസൗഹാര്‍ദത്തില്‍ ഉലച്ചില്‍ ഉണ്ടാക്കരുത്; സമാധാനത്തില്‍ പോകാമെന്ന് സി.എസ്.ഐ ബിഷപ്പും ഇമാമും

Must read

കോട്ടയം: മതസൗഹാര്‍ദത്തില്‍ ഉലച്ചില്‍ ഉണ്ടാക്കരുതെന്ന് കോട്ടയം താഴത്തങ്ങാടി ഇമാമിന്റെയും സിഎസ്‌ഐ ബിഷപ്പിന്റെയും സംയുക്ത പ്രസ്താവന. കലക്കവെള്ളത്തില്‍ മീന്‍ പിടിക്കാന്‍ പലരുമുണ്ടാകും. ലൗ ജിഹാദോ, നര്‍ക്കോട്ടിക് ജിഹാദോ ഉണ്ടോയെന്ന് കണ്ടെത്തേണ്ടത് സര്‍ക്കാരാണെന്നും ഇരുവരും നടത്തിയ സംയുക്ത വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

സിഎസ്ഐ മധ്യകേരള മഹായിടവക ബിഷപ്പ് ഹൗസിലാണ് ബിഷപ്പ് മലയില്‍ സാബു കോശി ചെറിയാനും താഴത്തങ്ങാടി ജുമാ മസ്ജിദ് ഇമാം ശംസുദ്ദീന്‍ മന്നാനി ഇലവുപാലവും സംയുക്ത വാര്‍ത്താ സമ്മേളനത്തില്‍ നടത്തിയത്. എല്ലാ തെറ്റായ പ്രവണതകളേയും എതിര്‍ക്കപ്പെടണമെന്ന് ഇരുവരും പറഞ്ഞു. പാലാ രൂപതാ ബിഷപ്പ് മാര്‍ ജോസഫ് കല്ലറങ്ങാട്ടിന്റെ പ്രസംഗത്തോട് പ്രതികരിക്കാനില്ലെന്നും സിഎസ്‌ഐ ബിഷപ്പ് വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കി. അദ്ദേഹത്തിന്റെ വ്യക്തിപരമായ അഭിപ്രായമാണ്. എല്ലാവര്‍ക്കും അഭിപ്രായം പറയാന്‍ സ്വാതന്ത്ര്യമുണ്ടെന്നും ബിഷപ്പ് പറഞ്ഞു.

സിഎസ്‌ഐ സഭയുടെ നിലപാട് സമാധാനം ആണെന്നും ബിഷപ്പ് വ്യക്തമാക്കി. അഭിപ്രായ പ്രകടനത്തിന് ബിഷപ്പിന് സ്വാതന്ത്ര്യമുണ്ടെന്നാണ് വാര്‍ത്താസമ്മേളനത്തില്‍ സിഎസ്‌ഐ സഭ സ്വീകരിച്ച നിലപാട്. സമാധാനം നിലനില്‍ക്കണമെന്നും കൂടുതല്‍ ഐക്യതയില്‍ പോകാമെന്നും അദ്ദേഹം പറഞ്ഞു. പ്രസ്താവനയുടെ പേരില്‍ റാലിയും ജാഥയും നടത്തരുത്. വിഷയത്തില്‍ ചര്‍ച്ച നടത്തുന്നത് നന്നായിരിക്കുമെന്നും ഇരു മതനേതാക്കളും ആവശ്യപ്പെട്ടു.

അതേസമയം പാലായില്‍ സമാധാനയോഗം ചേര്‍ന്നു. സമാധാന അന്തരീക്ഷം തകര്‍ക്കുന്ന പ്രചാരണങ്ങള്‍ക്കെതിരെ നടപടിയെടുക്കാന്‍ യോഗത്തില്‍ ധാരണയായി. പാലാ ഡിവൈഎസ്പിയുടെ നേതൃത്വത്തിലാണ് സമാധാന യോഗം വിളിച്ചത്. പാലായിലെയും ഈരാറ്റുപേട്ടയിലെയും വിവിധ സമുദായ നേതാക്കള്‍ സമാധാന യോഗത്തില്‍ പങ്കടുത്തു.

പാലായില്‍ നടന്ന പ്രതിഷേധ പരിപാടികളില്‍ സമുദായ സംഘടനകള്‍ക്ക് പങ്കില്ലെന്ന് യോഗത്തില്‍ പങ്കെടുത്തവര്‍ അറിയിച്ചു. മത-സാമുദായിക സമാധാന അന്തരീക്ഷം തകര്‍ക്കുന്ന രീതിയില്‍ സമൂഹമാധ്യമങ്ങളില്‍ നടക്കുന്ന പ്രചാരണങ്ങളെ യോഗം അപലപിച്ചു. ഇത്തരത്തില്‍ പ്രചാരണം നടത്തുന്നവര്‍ക്കെതിരെ നടപടി സ്വീകരിക്കുമെന്ന് പോലീസ് അറിയിച്ചു.

ലവ് ജിഹാദിനൊപ്പം നര്‍ക്കോട്ടിക് ജിഹാദുമുണ്ടെന്ന ഗുരുതര ആരോപണവുമായി പാലാ രൂപതയുടെ പ്രസ്താവനയാണ് വിവാദങ്ങള്‍ക്ക് തുടക്കമിട്ടത്. നര്‍കോട്ടിക്, ലവ് ജിഹാദ്കള്‍ക്ക് കത്തോലിക്ക പെണ്‍കുട്ടികളെ ഇര ആക്കുന്നു എന്ന് പാലാ ബിഷപ്പ് മാര്‍ ജോസഫ് കല്ലറങ്ങാട്ടിന്റെ വചന സന്ദേശത്തില്‍ പറയുന്നു. ഈ ജിഹാദിന് സഹായം നല്‍കുന്ന ഒരു വിഭാഗം കേരളത്തില്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്നും ആയുധം ഉപയോഗിക്കാനാവാത്ത സ്ഥലങ്ങളില്‍ ഇത്തരം മാര്‍ഗ്ഗങ്ങള്‍ ഉപയോഗിക്കുന്നുവെന്നും ബിഷപ്പ് മാര്‍ ജോസഫ് കല്ലറങ്ങാട്ട് പറഞ്ഞിരിന്നു.

ബിഷപ്പിന്റെ വാക്കുകള്‍ ‘മുസ്ലീംങ്ങള്‍ അല്ലാത്തവര്‍ ഇല്ലാതാകണമെന്നാണ് ജിഹാദി ഗ്രൂപ്പുകളുടെ ലക്ഷ്യം. ഇതര മതസ്ഥരായ യുവതികള്‍ ഐഎസ് ക്യാമ്പില്‍ എങ്ങനെ എത്തിയെന്ന് പരിശോധിച്ചാല്‍ ഇക്കാര്യങ്ങള്‍ മനസിലാകും. കത്തോലിക്ക യുവാക്കളില്‍ മയക്ക് മരുന്ന് ഉപയോഗം വ്യാപകമാക്കാന്‍ പ്രത്യേകം ശ്രമങ്ങള്‍ നടക്കുന്നുണ്ട് ‘.

ലവ് ജിഹാദില്ലെന്ന് സ്ഥാപിക്കാന്‍ ശ്രമിക്കുന്നത് കണ്ണടച്ച് ഇരുട്ടാക്കുന്നതിന് തുല്യമാണെന്നും ഇത്തരക്കാര്‍ക്ക് നിഷിപ്ത താത്പര്യം ഉണ്ടെന്നും പാലാ ബിഷപ്പ് പറഞ്ഞു. മുസ്ലീം ആശയങ്ങള്‍ അടിച്ചേല്‍പ്പിക്കാന്‍ പല തരത്തില്‍ ശ്രമം നടത്തുന്നുണ്ടെന്നും ഹലാല്‍ വിവാദം ഇതിന്റെ ഭാഗമാണെന്നും അദ്ദേഹം പറഞ്ഞു. കത്തോലിക്ക കുടുംബങ്ങള്‍ കരുതിയിരിക്കണമെന്നും ബിഷപ്പ് മുന്നറിയിപ്പ് നല്‍കി.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week