വീണ്ടും മിണ്ടാപ്രാണിയോട് കൊടുംക്രൂരത; കോട്ടയത്ത് വളര്‍ത്തു പൂച്ചയുടെ കൈ അറത്തുമാറ്റി സാമൂഹ്യ വിരുദ്ധര്‍

കോട്ടയം: സംസ്ഥാനത്ത് വീണ്ടും മിണ്ടാപ്രാണിയോട് കൊടുംക്രൂരത. കോട്ടയം പെരുവക്കുളം സ്വദേശി മണികണ്ഠന്റെ വീട്ടില്‍ വളര്‍ത്തുന്ന ആറ് മാസം പ്രായമുള്ള പൂച്ചയ്ക്ക് നേരെയാണ് ഇത്തവണ സാമൂഹ്യ വിരുദ്ധരുടെ ക്രൂരത അരങ്ങേറിയത്.

അലാനി എന്ന് വിളിക്കുന്ന പൂച്ചയുടെ വലതുകൈ വെട്ടിമാറ്റിയാണ് ക്രൂരത കാണിച്ചിരിക്കുന്നത്. മൂര്‍ച്ചയുള്ള ആയുധമുപയോഗിച്ചാണ് പൂച്ചക്ക് നേരെ ആക്രമണം നടത്തിയതെന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്. അതേസമയം, ആരാണ് ഈ അക്രമത്തിന് പിന്നിലെന്ന് ഇതുവരെയും വ്യക്തമായിട്ടില്ല.

കഴിഞ്ഞ ദിവസം കൈ അറ്റുപോയി ചോര വാര്‍ന്നുപോകുന്ന നിലയില്‍ പൂച്ച വീട്ടിലെത്തുകയായിരന്നു. തുടര്‍ന്ന് ഉടന്‍ തന്നെ മണികണ്ഠനും ഭാര്യ ബിന്ദുവും ചേര്‍ന്ന് ആശുപത്രിയിലെത്തിച്ചു. പൂച്ചയുടെ മുറിവില്‍ മരുന്നു വെച്ചുകെട്ടാന്‍ ശ്രമിച്ചെങ്കിലും വേദന സഹിക്കാനാകാത്തതിനാല്‍ പൂച്ച എല്ലാം തട്ടിമാറ്റുകയായിരുന്നു.

നേരത്തെ കൊച്ചിയില്‍ നായയെ കാറില്‍ കെട്ടിവലിച്ചു കൊണ്ടുപോയത് ഏറെ ചര്‍ച്ചയായിരുന്നു. പൂര്‍ണ്ണഗര്‍ഭിണിയായ പശുവിനെ കഴുത്തില്‍ കുരുക്കിട്ട് മുറുക്കി കൊന്നതും കേരളത്തെ ഞെട്ടിച്ചിരുന്നു. പിന്നാലെയാണ് പൂച്ചയ്ക്ക് നേരെയും ആക്രമണമുണ്ടായിരിക്കുന്നത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News