ബിജാപുര്‍: സിആര്‍പിഎഫ് ഉദ്യോഗസ്ഥര്‍ കാട്ടിലൂടെ ആറു കിലോമീറ്ററോളം കട്ടിലില്‍ ചുമന്ന് ഗര്‍ഭിണിയായ യുവതിയെ ആശുപത്രിയിലെത്തിച്ചു. ഛത്തീസ്ഗഡിലെ ബിജാപുരിലെ പദേദ ഗ്രാമത്തിലായിരുന്നു സംഭവം. പതിവ് പട്രോളിംഗിന്റെ ഭാഗമായി വനത്തിനുള്ളിലെ ഗ്രാമത്തില്‍ എത്തിയപ്പോഴാണ് യുവതിയെ ആശുപത്രിയില്‍ എത്തിക്കാന്‍ കഴിയാത്ത വിവരം സിആര്‍പിഎഫ് ജവാന്‍മാരോട് ഗ്രാമീണര്‍ പങ്കുവച്ചത്. കമാന്‍ഡര്‍ അവിനാഷ് റായിയുടെ നേതൃത്വത്തിലുള്ള സംഘമാണ് പട്രോളിംഗിനായി എത്തിയത്. ഇവര്‍ ഉടന്‍ തന്നെ യുവതിക്ക് പ്രാഥമിക ചികിത്സ നല്‍കി. യുവതിക്ക് പ്രസവവേദന കലശലായതിനെ തുടര്‍ന്ന് അടിയന്തരമായി ആശുപത്രിയില്‍ എത്തിക്കാന്‍ സിആര്‍പിഎഫ് ഉദ്യോഗസ്ഥര്‍ തീരുമാനിച്ചു.
സമീപത്ത് പ്രാഥമികാരോഗ്യകേന്ദ്രം പോലുമില്ലെന്നും വാഹനങ്ങളൊന്നും ഇവിടേക്ക് കടന്നുവരില്ലെന്നതും സിആര്‍പിഎഫ് ഉദ്യോഗസ്ഥരെ പിന്തിരിപ്പിച്ചില്ല. യുവതിയെ ഒരു തുണിക്കട്ടിലില്‍ എടുത്ത് തോളില്‍വച്ച് സിആര്‍പിഎഫ് ഉദ്യോഗസ്ഥര്‍ വനത്തിലൂടെ ആറു കിലോമീറ്ററോളം നടന്ന് പ്രധാന റോഡില്‍ എത്തിച്ചു. ഇവിടെനിന്ന് വാഹനത്തില്‍ കയറ്റി ബിജാപുര്‍ ആശുപത്രിയില്‍ യുവതിയെ എത്തിക്കാനുള്ള സൗകര്യവും ചെയ്തു നല്‍കി.