ജേക്കബ് തോമസിനെ എ.ഡി.ജി.പിയാക്കി തരംതാഴ്ത്തും; ശിപാര്‍ശ സംസ്ഥാനം കേന്ദ്രത്തിന് കൈമാറി
തിരുവനന്തപുരം: ഡി.ജി.പി ജേക്കബ് തോമസിനെ എ.ഡി.ജി.പിയാക്കി തരംതാഴ്ത്തും. നിരന്തരമായ ചട്ടവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ ചെയ്‌തെന്ന് ആരോപിച്ചാണ് നടപടി. ഇത് സംബന്ധിച്ച ശിപാര്‍ശ സംസ്ഥാനം കേന്ദ്രത്തിനു കൈമാറി. ജേക്കബ് തോമസിനോട് സര്‍ക്കാര്‍ വിശദീകരണം തേടും. സംസ്ഥാനത്തെ ഏറ്റവും മുതിര്‍ന്ന ഡിജിപിയാണ് ജേക്കബ് തോമസ്. സര്‍വീസ് ചട്ടം ലംഘിച്ച് പുസ്തകം എഴുതിയെന്ന് അന്വേഷണ സമിതി കണ്ടെത്തിയിരുന്നു. വരുന്ന മെയ് മാസം 31 ന് വിരമിക്കാനിരിക്കെയാണ് നടപടി. സംസ്ഥാനത്തെ ഒരു ഉന്നത ഉദ്യോഗസ്ഥനെ തരംതാഴ്ത്താനുള്ള തീരുമാനം ഇതാദ്യമായാണ്.
‘സ്രാവുകള്‍ക്കൊപ്പം നീന്തുമ്പോള്‍ എന്ന പുസ്തകം’ എഴുതിയത് ചട്ടവിരുദ്ധമായാണെന്ന് ഇതേക്കുറിച്ച് അന്വേഷിച്ച മൂന്നംഗസമിതി സര്‍ക്കാരിന് റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരുന്നു. ഈ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി. അഭ്യന്തരവകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി സുബ്രതോ ബിശ്വാസ് അധ്യക്ഷനും നിയമസെക്രട്ടറി ബി.ജി. ഹരീന്ദ്രനാഥ്, പിആര്‍ഡി ഡയറക്ടര്‍ കെ.അമ്പാടി എന്നിവര്‍ അംഗങ്ങളുമായ സമിതിയാണ് റിപ്പോര്‍ട്ട് തയാറാക്കിയത്. തുറമുഖ ഡയറക്ടറായിരിക്കെ ഡ്രഡ്ജര്‍ വാങ്ങിയതുമായി ബന്ധപ്പെട്ട അഴിമതിക്കേസിന്റെ പേരില്‍ ജേക്കബ് തോമസിനെ നേരത്തെ സസ്‌പെന്‍ഡ് ചെയ്തിരുന്നു. ആറു തവണ സസ്‌പെന്‍ഷന്‍ നീട്ടുകയും ചെയ്തു. ഇതിനെതിരെ ജേക്കബ് തോമസ് കേന്ദ്ര അഡ്മിനിസ്‌ട്രേറ്റീവ് ട്രൈബ്യൂണലിനെ സമീപിച്ചാണ് തിരികെ ജോലിയില്‍ പ്രവേശിച്ചത്. നിലവില്‍ അദ്ദേഹം സ്റ്റീല്‍ ആന്‍ഡ് മെറ്റല്‍ ഇന്‍ഡസ്ട്രീസ് എംഡിയാണ്.