കൊച്ചി: കൂട്ടില്‍ കയറി മുട്ടനശിപ്പിച്ച കുരങ്ങനെ വിടാതെ ആക്രമിച്ച് കാക്കകള്‍. മൂവാറ്റുപുഴയിലാണ് സംഭവം. ആക്രമണത്തില്‍ പരിക്കേറ്റ് അവശനായ കുരങ്ങനെ മൃഗസ്നേഹികള്‍ ചേര്‍ന്ന് പരിചരിച്ചുവരികയാണ്. കഴിഞ്ഞ ആഴ്ചയായിരുന്നു കുരങ്ങന്‍ കാക്കകൂട്ടില്‍ കയറി മുട്ട നശിപ്പിച്ചത്. ഇതു കണ്ട കാക്കക്കൂട്ടം കുരങ്ങനെ ആക്രമിക്കുകയായിരുന്നു.
കഴിഞ്ഞ ഒരാഴ്ചയായി കുരങ്ങന്‍ എവിടെ പോയാലും കാക്കകള്‍ ആക്രമിച്ചുവരികയാണ്. കാക്കകളുടെ കൊത്തുകൊണ്ട് ദേഹമാസകലം മുറിഞ്ഞ കുരങ്ങന്‍ അവശനിലയിലാണ്. ദിവസങ്ങളായി കുരങ്ങന് ഭക്ഷണം കഴിക്കാനോ വെള്ളം കുടിക്കാനോ കഴിഞ്ഞിരുന്നില്ല. ഇതോടെയാണ് കുരങ്ങന് മൃഗസ്നേഹികള്‍ ഭക്ഷണവും വെള്ളവും എത്തിച്ചുനല്‍കാന്‍ ആരംഭിച്ചത്.
മൂവാറ്റുപുഴയിലെ കുട്ടികളുടെ പാര്‍ക്കിന് മുന്‍പിലായാണ് കുരങ്ങന്റെ താമസം. ഇവിടെയാണ് ആളുകള്‍ ഭക്ഷണവും വെള്ളവും എത്തിക്കുന്നത്. എന്നാല്‍ ഭക്ഷണം കഴിക്കാന്‍ കുരങ്ങന്‍ പുറത്തുവരുന്നതോടെ കാക്കക്കൂട്ടവും കുരങ്ങനെ ലക്ഷ്യമിട്ടുവരും. നാട്ടുകാര്‍ കല്ലെറിഞ്ഞാണ് കാക്കകളെ ഓടിക്കുക.
അതേസമയം അവശനിലയിലായ കുരങ്ങനെ പിടികടി ചികിത്സ നല്‍കാന്‍ ശ്രമിച്ചെങ്കിലും നടന്നില്ല. ഇതേ തുടര്‍ന്ന് കുരങ്ങനെ പിടച്ച് കാടിനുള്ളിലേക്ക് വിടാനുള്ള ശ്രമത്തിലാണ് നാട്ടുകാര്‍. ഈ വിവരം വനംവകുപ്പിനെയും നാട്ടുകാര്‍ അറിയിച്ചിട്ടുണ്ട്.