ദിലീപിനെ ഇന്ന് ചോദ്യം ചെയ്യും; നടപടി ഹൈക്കോടതി നിര്‍ദേശത്തിൽ

കൊച്ചി : നടിയെ പീഡിപ്പിച്ച കേസ് അന്വേഷിച്ച ഉദ്യോഗസ്ഥരെ അപായപ്പെടുത്താൻ ഗൂഢാലോചന നടത്തിയെന്ന കേസിൽ നടൻ ദിലീപ് അടക്കമുള്ള പ്രതികളെ ഇന്ന് ചോദ്യം ചെയ്യും. കളമശേരിയിലെ ജില്ലാ ക്രൈംബ്രാഞ്ച് ആസ്ഥാനത്താണ് ചോദ്യം ചെയ്യൽ. പ്രതികൾ നൽകുന്ന മൊഴികളിലെ വസ്തുതകൾ അപ്പപ്പോൾ പരിശോധിക്കാനുള്ള സംവിധാനമൊരുക്കും.

പ്രതികൾ ഇന്നു മുതൽ ചൊവ്വാഴ്ച വരെ ചോദ്യം ചെയ്യലിനു ഹാജരാകണമെന്ന ഹൈക്കോടതി ഉത്തരവു അനുസരിച്ചാണ് നടപടി. പ്രതികൾ രാവിലെ 9 മുതൽ വൈകിട്ട് 8 വരെ അന്വേഷണ ഉദ്യോഗസ്ഥർക്കു മുന്നിലുണ്ടാകണമെന്നാണു ജസ്റ്റിസ് പി.ഗോപിനാഥ് നിർദേശിച്ചത്. ദിലീപ്, സഹോദരൻ അനൂപ്, സഹോദരീഭർത്താവ് ടി.എൻ.സുരാജ്, ഡ്രൈവർ അപ്പു, സുഹൃത്ത് ബൈജു ചെങ്ങമനാട് എന്നിവർ നൽകിയ മുൻകൂർ ജാമ്യാപേക്ഷയിലാണു ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്.

ചോദ്യം ചെയ്യലിലൂടെ ലഭിക്കുന്ന വിവരങ്ങളും മറ്റു തെളിവുകളും അടക്കമുള്ള റിപ്പോർട്ട് വ്യാഴാഴ്ച രാവിലെ മുദ്രവച്ച കവറിൽ നൽകണമെന്നും ഹൈക്കോടതി ആവശ്യപ്പെട്ടിട്ടുണ്ട്. വ്യാഴാഴ്ച വരെ പ്രതികളെ അറസ്റ്റ് ചെയ്യരുതെന്നും കോടതി നിർദേശിച്ചിട്ടുണ്ട്. കേസ് വ്യാഴാഴ്ച പരിഗണിക്കും.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News