ഇടുക്കി: ഭര്‍ത്താവിനെ ഒഴിവാക്കാൻ മയക്ക് മരുന്ന് കേസില്‍ കുടുക്കാന്‍ ശ്രമിച്ചതിന് ഗ്രാമ പഞ്ചായത്ത അംഗം അറസ്റ്റിലായ സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. ഒരു വർഷം മുമ്പ് മാത്രം പരിചയപ്പെട്ട കാമുകനുമായി ജീവിക്കുന്നതിനാണ് ഇടുക്കി വണ്ടന്‍മേട് പഞ്ചായത്ത് അംഗമായ സൗമ്യ എബ്രഹാം ഭർത്താവിനെ മയക്കുമരുന്ന് കേസിൽ കുടുക്കാൻ ശ്രമിച്ചത്. പുറ്റടി അമ്പലമേട് തൊട്ടാപുരയ്ക്കൽ സുനിൽ വർഗീസിനെയാണ് ഇരുചക്രവാഹനത്തിൽ മാരക മയക്കുമരുന്നായ എംഡിഎംഎ വെച്ച് കുടുക്കാൻ ഭാര്യ സൗമ്യ എബ്രഹാം ശ്രമിച്ചത്. ഈ മാസം 22നായിരുന്നു സംഭവം. ഡിവൈഎസ്പിക്കും സിഐക്കും തോന്നിയ സംശയമാണ് സംഭവത്തിലെ യഥാർത്ഥ പ്രതികളെ പിടികൂടുന്നതിലേക്ക് എത്തിച്ചത്. വിദേശത്തുള്ള കാമുകനായ വിനോദുമായി ചേര്‍ന്നാണ്, മാരക മയക്കുമരുന്നായ എംഡിഎംഎ, ഭര്‍ത്താവിന്റെ വാഹനത്തില്‍ ഒളിപ്പിച്ചത്. സംഭവത്തില്‍, മയക്ക് മരുന്ന് എത്തിച്ച് നല്‍കിയ സഹായികളും അറസ്റ്റിലായിയിട്ടുണ്ട്. 45000 രൂപയ്ക്ക് വിനോദാണ് എം ഡി എം എ വാങ്ങി സൗമ്യയ്ക്ക് നൽകിയതെന്നും അന്വേഷണത്തിൽ വ്യക്തമായി.
കഴിഞ്ഞ ചൊവ്വാഴ്ചയാണ് കേസിനാസ്പദമായ സംഭവം നടക്കുന്നത്. വണ്ടന്‍മേട് പുറ്റടിയ്ക്ക് സമീപം പോലിസ് നടത്തിയ വാഹന പരിശോധനയില്‍ സൗമ്യയുടെ ഭര്‍ത്താവ് സുനിലിന്റെ ഇരുചക്രവാഹനത്തില്‍ നിന്നും എംഡിഎംഎ കണ്ടെത്തുകയായിരുന്നു. എന്നാല്‍ തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍, സുനില്‍ മയക്ക് മരുന്ന് ഉപയോഗിക്കുന്നതായോ, വില്‍പന നടത്തുന്നതായോ കണ്ടെത്താന്‍ കഴിഞ്ഞില്ല. പിന്നീട് നടന്ന അന്വേഷണത്തിലാണ് ഭര്‍ത്താവിനെ ഒഴിവാക്കുന്നതിനായി, സൗമ്യയും വിദേശ മലയാളിയായ കാമുകന്‍ വിനോദും ചേര്‍ന്ന് തയ്യാറാക്കിയ പദ്ധതിയാണെന്ന് തെളിഞ്ഞത്.
കഴിഞ്ഞ ഒരു വര്‍ഷമായി സൗമ്യയും വിനോദും അടുപ്പത്തിലായിരുന്നു. സുനിലിനെ കൊലപെടുത്താനാണ് ആദ്യം തീരുമാനിച്ചതെങ്കിലും പിന്നീട്, അന്വേഷണം തങ്ങളിലേയ്ക്ക് എത്തുമോ എന്ന ഭയത്താല്‍, സൗമ്യ ഇതില്‍ നിന്നും പിന്‍മാറുകയായിരുന്നു. ഇതിന് ശേഷം, മയക്ക് മരുന്ന് കേസില്‍ സുനിലിനെ കുടുക്കാന്‍ ഇരുവരും ചേര്‍ന്ന് തീരുമാനിച്ചു. മയക്കുമരുന്ന് കേസിൽ അറസ്റ്റിലായാൽ, ആ കാരണം പറഞ്ഞ് ഭർത്താവുമായുള്ള ബന്ധം അവസാനിപ്പിക്കാനാണ് യുവതി ലക്ഷ്യമിട്ടത്.
മുൻനിശ്ചയിച്ച പ്രകാരം ഒരു മാസം മുന്‍പ്, എറണാകുളത്ത്, ഹോട്ടലില്‍ മുറിയെടുത്ത് താമസിച്ചാണ്, വിനോദും സൗമ്യയും പദ്ധതി തയ്യാറാക്കിയത്. 45000 രൂപയ്ക്ക് വിനോദ് എംഡിഎംഎ വാങ്ങുകയും, കഴിഞ്ഞ 18ന് സൗമ്യയ്ക്ക് ഇത് കൈമാറുകയും ചെയ്തു. അതിന് ശേഷം വിനോദ് വിദേശത്തേയ്ക്ക് മടങ്ങുകയും ചെയ്തു. ഭർത്താവിന്‍റെ വാഹനത്തില്‍, മയക്ക് മരുന്ന് ഒളിപ്പിച്ച ശേഷം, സൗമ്യ ഫോട്ടോ എടുത്ത്, കാമുകന് അയച്ച് നല്‍കി. വിനോദ് മുഖേനയാണ്, വാഹനത്തില്‍ മയക്ക് മരുന്ന് ഉള്ള വിവരം പോലിസിലും മറ്റ് ഏജന്‍സികളിലും അറിയിച്ചത്.
ഈ വിവരത്തിന്‍റെ അടിസ്ഥാനത്തിൽ വാഹന പരിശോധന നടത്തിയ പൊലീസ് യുവാവിനെ അറസ്റ്റ് ചെയ്യുകയും ചെയ്തു. എന്നാൽ പൊലീസ് നടത്തിയ വിശദമായ അന്വേഷണത്തിലാണ് യുവാവ് മയക്കുമരുന്ന് ഉപയോഗിക്കുകയും വിൽക്കുകയോ ചെയ്തിട്ടില്ലെന്ന് വ്യക്തമായത്. അങ്ങനെ അന്വേഷണം സൗമ്യയിലേക്ക് നീളുകയായിരുന്നു. സംശയിക്കുന്നവരുടെ പട്ടികയിൽ സൗമ്യ ഉൾപ്പെട്ടതോടെ കഴിഞ്ഞ കുറച്ച് ദിവസമായി പൊലീസ് ഇവരെ നിരീക്ഷിച്ചുവരികയായിരുന്നു. തുടർന്ന് മൊഴി എടുക്കാൻ വിളിപ്പിക്കുകയും പൊലീസ് അറസ്റ്റ് രേഖപ്പെടുത്തുകയുമായിരുന്നു. പൊലീസിന്‍റെ ചോദ്യങ്ങൾക്ക് പരസ്പര വിരുദ്ധമായ മൊഴിയാണ് യുവതി നൽകിയത്.
നിലവില്‍ വിദേശത്ത് ഉള്ള വിനോദിനെ തിരികെ എത്തിച്ച്, അറസ്റ്റ് രേഖപെടുത്തും. വിനോദിന് മയക്ക് മരുന്ന് എത്തിച്ച് നല്‍കിയ ഷെഹിന്‍ഷാ, ഷാനവാസ് എന്നിവരും അറസ്റ്റിലായിയിട്ടുണ്ട്. എല്‍ഡിഎഫ് അംഗം മയക്ക് മരുന്ന് കേസില്‍ അറസ്റ്റിലായതിനെ തുടര്‍ന്ന്, യുഡിഎഫ്, ബിജെപി പ്രവര്‍ത്തകര്‍, വണ്ടന്‍മേട് പഞ്ചായത്ത് ഓഫീസിലേയ്ക്ക് പ്രതിഷേധ പ്രകടനം നടത്തി.