അഗര്‍ത്തല: നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന ത്രിപുരയില്‍ ബി.ജെ.പിക്കെതിരെ ഒന്നിച്ച സി.പി.എം.- കോണ്‍ഗ്രസ് സംഖ്യത്തിന് തിരിച്ചടിയായി സി.പി.എം. എം.എല്‍.എ. ബി.ജെ.പിയിലേക്ക്. മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും ഇദ്ദേഹത്തിനൊപ്പം ബി.ജെ.പിയില്‍ ചേര്‍ന്നേക്കും. കൈലാഷഹര്‍ എം.എല്‍.എയായ മൊബഷര്‍ അലിയും കോണ്‍ഗ്രസ് നേതാവ് ബില്ലാല്‍ മിയയുമാണ് ബി.ജെ.പിയില്‍ ചേര്‍ന്നേക്കുമെന്ന റിപ്പോര്‍ട്ടുകളുള്ളത്.
ബൊക്‌സാനഗറില്‍ നിന്നും രണ്ടുവട്ടം എം.എല്‍.എയായിരുന്നു ബില്ലാല്‍ മിയ. ഇരുപാര്‍ട്ടികളുടേയും സംസ്ഥാനത്തെ മുതിര്‍ന്ന ന്യൂനപക്ഷ മുഖങ്ങളാണ് ഇരുവരും. മൊബഷര്‍ അലിയുടെ സിറ്റിങ് സീറ്റ് സഖ്യത്തിന്റെ ഭാഗമായി കോണ്‍ഗ്രസിന് വിട്ടുനല്‍കിയിരുന്നു.
ചര്‍ച്ചകള്‍ക്കായി മൊബഷര്‍ അലി ഡല്‍ഹിയിലെത്തി. കൂടുതല്‍ നേതാക്കളെ പാര്‍ട്ടിയില്‍ എത്തിക്കാന്‍ ശ്രമം നടക്കുന്നതായി സംസ്ഥാനത്തുനിന്നുള്ള ഒരു ബി.ജെ.പി. നേതാവ് വാര്‍ത്താ ഏജന്‍സിയോട് പ്രതികരിച്ചു. മൊബഷര്‍ അലിക്ക് അദ്ദേഹത്തിന്റെ സിറ്റിങ് സീറ്റ് ബി.ജെ.പി. വാഗ്ദാനം ചെയ്തതതായാണ് സൂചന.
അതേസമയം, ത്രിപുര വിഭജിച്ച് വിശാല തിപ്രലാന്‍ഡ് എന്ന ആവശ്യമുന്നയിക്കുന്ന ഗോത്രവര്‍ഗ പാര്‍ട്ടി തിപ്ര മോത്ത തിരഞ്ഞെടുപ്പില്‍ ആരുമായും സഖ്യത്തിനില്ലെന്ന് പ്രഖ്യാപിച്ചു. പാര്‍ട്ടി അധ്യക്ഷന്‍ പ്രദ്യോത് മാണിക്യ ദേബ് ബര്‍മനാണ് ഇക്കാര്യം അറിയിച്ചത്. തിപ്ര മോത്ത പാര്‍ട്ടിയുമായി ബി.ജെ.പിയും ഇടത്- കോണ്‍ഗ്രസ് മുന്നണിയും സഖ്യത്തിന് ശ്രമിച്ചിരുന്നു. ഡല്‍ഹിയിലെത്തി ആഭ്യന്തരമന്ത്രി അമിത് ഷായുമായും അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ്മയുമായും പ്രദ്യോത് ചര്‍ച്ച നടത്തിയിരുന്നു.
എന്നാല്‍, വിശാല തിപ്രലാന്‍ഡ് എന്ന തങ്ങളുടെ ആവശ്യത്തില്‍ സര്‍ക്കാരിന്റെ നിലപാട് അറിയാനാണ് ചര്‍ച്ചകള്‍ക്കായി ഡല്‍ഹിയില്‍ പോയതെന്ന് പ്രദ്യോത് പറഞ്ഞു. രേഖാമൂലമുള്ള ഉറപ്പ് നല്‍കാന്‍ ആരും തയ്യാറായിട്ടില്ല. അതിനാല്‍ ആരുമായും തിരഞ്ഞെടുപ്പില്‍ സഖ്യമുണ്ടാവില്ല. തനിക്കൊപ്പമുള്ളവരെ വഞ്ചിക്കാന്‍ കഴിയില്ല. തങ്ങളുടെ ആവശ്യത്തില്‍ നിന്ന് പിന്മാറില്ലെന്നും അദ്ദേഹം അറിയിച്ചു.