തിരുവനന്തപുരം: തിരുവനന്തപുരം നഗരസഭയിലെ കത്ത് വിവാദത്തില്‍ അന്വേഷണ കമ്മീഷനെ നിയമിച്ച് സിപിഎം. സി ജയൻ ബാബു, ഡി കെ മുരളി, ആർ രാമു എന്നിവർ അടങ്ങിയ കമ്മീഷൻ കത്ത് വിവാദം അന്വേഷിക്കും. മൂന്ന് ആഴ്ചക്കുള്ളിൽ റിപ്പോർട്ട് നല്‍കാനാണ് കമ്മീഷന് നിർദേശം നല്‍കിയിരിക്കുന്നത്. ഇന്ന് ചേർന്ന സിപിഎം ജില്ലാ സെക്രട്ടറിയേറ്റാണ് ഇത് സംബന്ധിച്ച തീരുമാനം എടുത്തത്.
കരാര്‍ നിയമനങ്ങൾക്ക് പാര്‍ട്ടി മുൻഗണന ലിസ്റ്റ് ആവശ്യപ്പെട്ട് മേയറുടെ ഓഫീസിൽ നിന്നും സിപിഎംതിരുവനന്തപുരം ജില്ലാ സെക്രട്ടറി ആനാവൂര്‍ നാഗപ്പന് നൽകിയ കത്ത് പുറത്ത് വന്നതാണ് വിവാദങ്ങൾക്ക് തിരികൊളുത്തിയത്. ആരോഗ്യമേഖലയിലെ ഒഴിവുള്ള തസ്തികകളുടെ എണ്ണമടക്കം മേയറുടെ ഔഗ്യോഗിക ലെറ്റര്‍ പാഡിലെഴുതിയ കത്താണ് പുറത്ത് വന്നത്.
കോർപറേഷന് കീഴിലെ അർബൻ പ്രൈമറി ഹെൽത്ത് സെൻ്ററുകളിലേക്ക് 295 ഒഴിവുണ്ടെന്നും ഉദ്യോഗാർത്ഥികളുടെ മുൻഗണന പട്ടിക നല്‍കണമെന്നും അറിയിച്ചു കൊണ്ടാണ് പാർട്ടി ജില്ലാ സെക്രട്ടറിക്ക് കത്തയച്ചത്. മേയറുടെ ഔദ്യോഗിക ലെറ്റർപാഡിൽ സഖാവേ എന്ന അഭിസംബോധന ചെയ്ത് അയച്ച കത്ത് ഒരു വാർഡിലെ വാട്സാപ്പ് ഗ്രൂപ്പിൽ നിന്നാണ് സമൂഹമാധ്യമത്തിൽ വൈറലായത്.
തൊട്ട് പിന്നാലെ എസ്എടി ആശുപത്രി പരിസരത്തെ വിശ്രമ കേന്ദ്രത്തിലേക്ക് ആളെ നിയമിക്കണമെന്ന് ആവശ്യപ്പെട്ട് പാര്‍ലമെന്ററി പാര്‍ട്ടി നേതാവ് ഡിആര്‍ അനിൽ ജില്ലാ സെക്രട്ടറിക്ക് അയച്ച കത്തും പുറത്തുവന്നിരുന്നു.
അതേസമയം, നിയമനവുമായി ബന്ധപ്പെട്ട ഒരു കത്തും നൽകിയിട്ടില്ലെന്ന് മേയർ ആവർത്തിക്കുമ്പോഴും ഔദ്യോഗിക ലെറ്റര്‍പാഡിലെ കത്ത് എവിടെ നിന്നെത്തിയെന്നതിലെ ചോദ്യം ഇപ്പോഴും ബാക്കിയാണ്. കത്ത് വ്യാജമാണെന്നും ഒപ്പ് സ്ക്യാൻ ചെയ്ത് കയറ്റിയതാകാമെന്നുമാണ് മേയറുടെ മൊഴി.