പാർട്ടി പ്രവർത്തകയെ ബലാത്സംഗം ചെയ്തു, പ്രാദേശിക നേതാക്കളെ പുറത്താക്കി സി.പി.എം

വടകര:കോഴിക്കോട് വടകരയിൽ സിപിഎം പ്രാദേശിക നേതാക്കൾ പാർട്ടി പ്രവർത്തകയെ ബലാത്സംഗം ചെയ്തതായി പരാതി. സംഭവത്തിൽ ആരോപണവിധേയരായ നേതാക്കളെ പാർട്ടിയിൽ നിന്നും പുറത്താക്കിയതായി സിപിഎം അറിയിച്ചു.

വടകര മുളിയേരി ബ്രാഞ്ച് സെക്രട്ടറി ബാബുരാജിനും ഡിവൈഎഫ്ഐ പതിയേക്കര മേഖല സെക്രട്ടറി ലിജീഷിനുമെതിരെയുമാണ് പാർട്ടി പ്രവർത്തകയായ വീട്ടമ്മ പരാതി നൽകിയത്. പരാതിയുടെ അടിസ്ഥാനത്തിൽ പൊലീസ് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. ബലാത്സംഗം, അതിക്രമിച്ച കടക്കൽ, ഭീഷണിപ്പെടുത്തൽ എന്നീ വകുപ്പുകൾ ചേർത്താണ് കേസെടുത്തിരിക്കുന്നത്.

മൂന്ന് മാസം മുൻപാണ് സംഭവങ്ങളുടെ തുടക്കമെന്ന് രണ്ട് മക്കളുടെ അമ്മയായ സ്ത്രീയുടെ പരാതിയിൽ പറയുന്നു. രാത്രി പതിനൊന്ന് മണിയോടെ വീട്ടിൽ അതിക്രമിച്ചു കയറിയ സിപിഎം ബ്രാഞ്ച് സെക്രട്ടറി പരാതിക്കാരിയെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി ആദ്യം പീഡിപ്പിച്ചു. സംഭവം ഭർത്താവിനേയും നാട്ടുകാരേയും അറിയിക്കും എന്നു പറഞ്ഞ തുടർന്നും ഇയാൾ വീട്ടമ്മയെ പീഡിപ്പിച്ചു.

പിന്നീട് ഡിവൈഎഫ്ഐ നേതാവ് ലിജീഷ് വീട്ടമ്മയുടെ വീട്ടിലെത്തി ബ്രാഞ്ച് സെക്രട്ടറി ചെയ്ത കാര്യങ്ങൾ തനിക്കറിയാമെന്നും ഇതെല്ലാം പുറത്തറിയിക്കും എന്നു പറഞ്ഞ് ഭീഷണിപ്പെടുത്തുകയും പീഡിപ്പിക്കുകയും ചെയ്തു. തുടർച്ചയായ പീഡനത്തെ തുടർന്ന് മാനസികമായും ശാരീരികമായും തകർന്ന ഇവർ ഡോക്ടറെ കണ്ട് ചികിത്സ തേടി. ഇതിനു ശേഷമാണ് ഇവർ പരാതിയുമായി പൊലീസിനെ സമീപിച്ചത്.

സ്ത്രീയുടെ പരാതി വിശദമായി പരിശോധിച്ച പൊലീസ് 164 പ്രകാരം രഹസ്യമൊഴി രേഖപ്പെടുത്തിയ ശേഷമാണ് എഫ്ഐആർ ഇട്ടത്. പരാതിക്കാരിയിൽ നിന്നും വിശദമായ മൊഴി ഉടനെ രേഖപ്പെടുത്തുമെന്നും വൈദ്യപരിശോധനയ്ക്ക് വിധേമയാക്കുമെന്നും പൊലീസ് അറിയിച്ചു. ഇതിനുശേഷമായിരിക്കും അറസ്റ്റ് അടക്കമുള്ള നടപടികളിലേക്ക് പോകുകയെന്നാണ് വിവരം. അതേസമയം പൊലീസ് കേസ് രജിസ്റ്റർ ചെയ്തതിനെ പിന്നാലെ ബാബുരാജിനേയും ലിജീഷിനേയും പാർട്ടിയിൽ നിന്നും പുറത്താക്കിയതായി സിപിഎം വടകര ഏരിയ സെക്രട്ടറി ഗോപാലൻ മാസ്റ്റർ അറിയിച്ചു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News