തിരുവനന്തപുരം: രണ്ടാം പിണറായി മന്ത്രിസഭയിലെ സി.പി.ഐ മന്ത്രിമാരുടെ വകുപ്പുകളില്‍ തീരുമാനമായി. കെ. രാജന് റവന്യൂ വകുപ്പും പി. പ്രസാദിന് കൃഷിവകുപ്പും ലഭിച്ചു. ജി.ആര്‍. അനിലിന് ഭക്ഷ്യമന്ത്രി സ്ഥാനവും ജെ. ചിഞ്ചുറാണിക്ക് മൃഗസംരക്ഷണവും ക്ഷീരവികസനവും നല്‍കി.
സിപിഐയില്‍ നിന്നുള്ള നാല് മന്ത്രിമാരും പുതുമുഖങ്ങളാണ്. പിളര്‍പ്പിന് ശേഷം സിപിഐ ആദ്യമായാണ് ഒരു വനിതയെ മന്ത്രിയാക്കുന്നതെന്ന പ്രത്യേകതയും ഇക്കുറിയുണ്ട്. ചിറ്റയം ഗോപകുമാര്‍ ഡെപ്യൂട്ടി സ്പീക്കറാകും.
അതേസമയം മന്ത്രിസഭയില്‍ കെ.കെ. ശൈലജയ്ക്ക് പകരം വീണ ജോര്‍ജ് ആരോഗ്യമന്ത്രിയാവും. കെ.എന്‍.ബാലഗോപാലാണ് ധനകാര്യമന്ത്രി. വ്യവസായ വകുപ്പ് പി.രാജീവിനാണ്. ഉന്നത വിദ്യാഭ്യാസ വകുപ്പ് ആര്‍. ബിന്ദുവിനായിരിക്കും.
മന്ത്രിസഭയിലെ മന്ത്രിമാരുടെ വകുപ്പുകള്‍ സംബന്ധിച്ച് അന്തിമരൂപമായി. ബുധനാഴ്ച ചേര്‍ന്ന സി.പി.എം. സംസ്ഥാന സെക്രട്ടേറിയറ്റ് യോഗത്തിന്റേതാണ് തീരുമാനം. എല്ലാ മന്ത്രിമാരുടെയും വകുപ്പുകള്‍ നിശ്ചയിക്കാന്‍ മുഖ്യമന്ത്രിയെയാണ് ഇടതുമുന്നണിയോഗം ചുമതലപ്പെടുത്തിയിരുന്നത്.
കഴിഞ്ഞ മന്ത്രിസഭയില്‍ എം.എം. മണിയുടെ കയ്യിലുണ്ടായിരുന്ന വൈദ്യുതി വകുപ്പ് ഘടകകക്ഷിയായ ജെ.ഡി.എസിലെ കെ. കൃഷ്ണന്‍കുട്ടിക്ക് കൈമാറിയതാണ് സുപ്രധാനമായ മാറ്റം. പ്രധാന വകുപ്പായ ദേവസ്വം മുതിര്‍ന്ന നേതാവ് കെ. രാധാകൃഷ്ണന് നല്‍കിയതാണ് ശ്രദ്ധേയമായ തീരുമാനം.