ആകാശത്ത് വീണ്ടും അപൂര്‍വ്വ കാഴ്ച! സൂപ്പര്‍ ബ്ലഡ് മൂണ്‍ അടുത്തയാഴ്ച
കൊല്‍ക്കത്ത: അടുത്ത ആഴ്ച ആകാശത്ത് അപൂര്‍വ്വ കാഴ്ചയ്ക്ക് വിരുന്നൊരുങ്ങുന്നു. മെയ് 26ന് ആകാശത്ത് സൂപ്പര്‍ ബ്ലഡ് മൂണ്‍ കാണാനുള്ള ആകാംക്ഷയിലാണ് ശാസ്ത്രലോകം. പൂര്‍ണ ചന്ദ്രഗ്രഹണത്തിന് പിന്നാലെ ചുവപ്പുനിറത്തില്‍ ചന്ദ്രന്‍ ദൃശ്യമാകുന്ന അത്യപൂര്‍വ്വ കാഴ്ചക്കാണ് ലോകം കാത്തിരിക്കുന്നത്.
രാജ്യത്തിന്റെ കിഴക്കന്‍ മേഖലയിലാണ് ഇത് ദൃശ്യമാകുക. കൊല്‍ക്കത്തയില്‍ പത്തുവര്‍ഷത്തിന് മുന്‍പാണ് ഇതിന് മുന്‍പ് സമ്പൂര്‍ണ ചന്ദ്രഗ്രഹണം ദൃശ്യമായത്. മെയ് 26ന് പൂര്‍ണ ചന്ദ്രനും കുറച്ചുനേരം സമ്പൂര്‍ണ ചന്ദ്രഗ്രഹണവും ദൃശ്യമാകുമെന്ന് എം പി ബിര്‍ള വാനനിരീക്ഷണകേന്ദ്രം ഡയറക്ടര്‍ ദേബീപ്രസാദ് ദുവാരി പറഞ്ഞു.
കിഴക്കനേഷ്യ, പസഫിക് കടല്‍, വടക്കന്‍ അമേരിക്കയുടെയും തെക്കന്‍ അമേരിക്കയുടെയും ഭൂരിഭാഗം പ്രദേശങ്ങള്‍, ഓസ്ട്രേലിയ, എന്നിവിടങ്ങളില്‍ സമ്ബൂര്‍ണ ചന്ദ്രഗ്രഹണം ദൃശ്യമാകും. ഉച്ചയ്ക്ക് 3.15ന് ആരംഭിക്കുന്ന ഭാഗിക ചന്ദ്രഗ്രഹണം വൈകീട്ട് 6.22ന് അവസാനിക്കും.
സമ്പൂര്‍ണ ഗ്രഹണ സമയത്ത് കിഴക്കന്‍ ചക്രവാളത്തിന് താഴെയായിരിക്കും ചന്ദ്രന്‍ എന്നത് കൊണ്ട് ഇന്ത്യയിലെ ജനങ്ങള്‍ക്ക് ബ്ലഡ് മൂണ്‍ ദൃശ്യമാകില്ല. എങ്കിലും കിഴക്കന്‍ ഇന്ത്യയുടെ വിവിധ ഭാഗങ്ങളില്‍ ഭാഗിക ചന്ദ്രഗ്രഹണത്തിന്റെ അവസാന ഭാഗം കാണാന്‍ സാധിക്കും. കൊല്‍ക്കത്തയിലും ഇത് സമാനമായ നിലയില്‍ ദൃശ്യമാകും. ഡല്‍ഹി, മുംബൈ, ചെന്നൈ തുടങ്ങിയ മെട്രോ നഗരങ്ങളില്‍ ചന്ദ്രഗ്രഹണം ദൃശ്യമാകില്ലെന്നും അദ്ദേഹം പറഞ്ഞു.
ബുധനാഴ്ച രാത്രി തിളക്കമുള്ളതും സാധാരണയില്‍ നിന്ന് വ്യത്യസ്തമായി വലിപ്പമേറിയതുമായ ചന്ദ്രനെയാണ് കാണാന്‍ സാധിക്കുക. 30 ശതമാനം വലിപ്പമേറിയ ചന്ദ്രനാണ് അന്ന് ദൃശ്യമാകുക എന്നും അദ്ദേഹം പറഞ്ഞു.