32.8 C
Kottayam
Friday, May 3, 2024

കൊവിഡ് വൈറസിന് ഒരു വയസ്! ഭീതിയൊഴിയാതെ ലോകം

Must read

ലോകത്തെ തന്നെ ഭീതിയിലാക്കി പടര്‍ന്നുകൊണ്ടിരിക്കുന്ന കൊവിഡ് 19 മഹാമാരിയുടെ വ്യാപനത്തിന് ഇന്ന് ഒരു വര്‍ഷം. ചൈനയിലെ ഹൂബേ പ്രവിശ്യയിലാണ് വൈറസ് ആദ്യം അനൗദ്യോഗികമായി സ്ഥിരീകരിച്ചത്. സൗത്ത് ചൈന മോണിങ് പോസ്റ്റ് റിപ്പോര്‍ട്ടുകള്‍ പ്രകാരം, കഴിഞ്ഞ വര്‍ഷം നവംബര്‍ 17നാണ് ലോകത്ത് ആദ്യമായി കൊറോണ വൈറസ് സ്ഥിരീകരിക്കുന്നത്.

പോസിറ്റീവെന്ന വാക്കിന് ഭീതിയുടെ മാനം നല്‍കിയാണ് കൊവിഡ് വ്യാപനം ലോകത്തെ ഇപ്പോഴും മുള്‍മുനയില്‍ നിര്‍ത്തുന്നത്. ലോകത്താകമാനം മുന്‍കരുതലുകള്‍ സ്വീകരിച്ചെങ്കിലും ലക്ഷങ്ങളുടെ ജീവന്‍ അപഹരിച്ച വൈറസിനെ ഇന്നും പിടിച്ചുകെട്ടാനായിട്ടില്ല.

സാര്‍സിന് സമാനമായ വൈറസ് പടരുന്ന സാഹചര്യം ചൈന ആദ്യം മറച്ചു വച്ചിരുന്നു. ലോകാരോഗ്യ സംഘടനയുടെ ഇടപെടലിനെ തുടര്‍ന്ന് ഡിസംബറിലാണ് രോഗം ഔദ്യോഗികമായി സ്ഥിരീകരിക്കുന്നത്. അപ്പോഴേക്കും ചൈനയില്‍ നിരവധി പേരില്‍ വൈറസ് കണ്ടെത്തിയിരുന്നുവെന്നാണ് റിപ്പോര്‍ട്ട്. ജനുവരിയില്‍ ലോകാരോഗ്യ സംഘടന, വൈറസിന് കൊവിഡ്19 എന്ന പേര് നല്‍കി. ചൈനയില്‍ നിന്ന് അതിര്‍ത്തികള്‍ കടന്ന് വൈറസ് താണ്ടവമാടി.

ഇന്ത്യയിലാദ്യം രോഗം സ്ഥിരീകരിച്ചത് കേരളത്തിലാണ്. കണക്കുകള്‍ അനുദിനം വര്‍ധിച്ചു. രാജ്യങ്ങള്‍ അടച്ചിട്ടു. ക്വാറന്റൈന്‍, കണ്ടയ്ന്‍മെന്റ്, ആന്റിജന്‍ അങ്ങനെ അപരിചിത വാക്കുകള്‍ സുപരിചിതമായി. മാസ്‌ക് മസ്റ്റായി. അതിനിടെ വൈറസ് അപഹരിച്ചത് ലക്ഷക്കണക്കിന് പേരുടെ ജീവന്‍.

ഇന്നും നിലക്കാത്ത പോരാട്ടത്തിലാണ് ലോകം. പ്രതിരോധ മരുന്നിനായി തീവ്ര പരിശ്രമങ്ങള്‍ നടക്കുമ്പോഴും, ജനിതക മാറ്റത്തോടെ വൈറസ് സഞ്ചാരം തുടരുകയാണ്. വാക്‌സിന്‍ കണ്ടെത്തിയതായുള്ള നല്ല വാര്‍ത്തകള്‍ വരുന്നുണ്ടെങ്കിലും, അത് എല്ലാവരിലുമെത്താന്‍ ഏറെ നാളെടുക്കുമെന്നാണ് വിലയിരുത്തല്‍. മഹാമാരിക്ക് ഉടന്‍ തന്നെ പരിഹാരമാകുമെന്ന പ്രതീക്ഷ പുലര്‍ത്തി ലോകം വൈറസിനൊപ്പം ജീവിക്കുകയാണ് ഇപ്പോഴും.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week