ഒരുമിച്ച് മദ്യപിച്ചു, മദ്യലഹരിയിലുള്ള കൈയ്യാങ്കളിക്കിടെ ദമ്പതികള്‍ കഴുത്ത് ഞെരിച്ച് കൊന്നു; സുഹൃത്തിന്റെ വീട്ടില്‍ മധ്യവയസ്‌കനെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവം കൊലപാതകം

കുമളി: ചക്കുപള്ളം പഞ്ചായത്തിലെ മേനോന്‍മെട്ട് കോളനിയില്‍ സുഹൃത്തിന്റെ വീട്ടില്‍ മധ്യവയസ്‌ക്കന്‍ കൊല്ലപ്പെട്ട സംഭവത്തില്‍ ദമ്പതികള്‍ അറസ്റ്റില്‍. മേനോന്‍മെട്ട് കോളനിയില്‍ തമിഴ്നാട് ഗുഡല്ലൂര്‍ സ്വദേശിയുടെ വീട്ടില്‍ വാടകയ്ക്ക് താമസിക്കുന്ന ബാലകൃഷ്ണന്‍(29), ഭാര്യ ശാന്തി(30) എന്നിവരാണ് അറസ്റ്റിലായത്.

കുമളി അമരാവതി ഒന്നാം മൈലില്‍ പറങ്കിമാമൂട്ടില്‍ സജീവനാ(54) ണ് കൊല്ലപ്പെട്ടത്. കഴിഞ്ഞ വെള്ളിയാഴ്ച രാത്രിയായിരുന്നു സംഭവം. ചക്കുപള്ളത്ത് തോട്ടത്തില്‍ പണിക്കെത്തിയ സജീവന്‍ പ്രതിയായ ബാലകൃഷ്ണനുമായി സൗഹൃദത്തിലായിരുന്നു. വെള്ളിയാഴ്ച്ച രാത്രി ഇരുവരുംകൂടി മദ്യപിച്ച് ബാലകൃഷ്ണന്റെ വീട്ടിലെത്തി. തുടര്‍ന്ന് മദ്യലഹരിയില്‍ ഇരുവരും അടിപിടി കൂടി. കയ്യാങ്കളിക്കിടെ ബാലകൃഷ്ണനും ശാന്തിയും ചേര്‍ന്ന് സജീവനെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തുകയായിരുന്നു.

ഇതിനാവശ്യമായ തെളിവുകളും കൊലപാതകം നടന്ന വീട്ടില്‍നിന്നു പോലീസ് കണ്ടത്തി. സജീവന്‍ ഹൃദയാഘാതത്തില്‍ മരിച്ചതായാണ് പ്രതികള്‍ ആദ്യം പോലീസിനോട് പറഞ്ഞത്. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് കൊലപാതകമാെണെന്ന് തെളിഞ്ഞത്. സി.ഐ: ജോബിന്‍ ആന്റണി, എസ്.ഐ: പ്രശാന്ത് പി. നായര്‍ എന്നിവരുടെ നേതൃത്വത്തിലായിരുന്നു അന്വേഷണം. പ്രതികളെ കോടതിയില്‍ ഹാജരാക്കി റിമാന്റ് ചെയ്തു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News