കേരളത്തിൽ കോവിഡ് വാക്സിന്‍ വിതരണം ചെയ്യുന്നതിനായി മുന്നൊരുക്കങ്ങള്‍ ആരംഭിച്ചു.ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് ആദ്യം വാക്സിന്‍ നല്‍കുക. ഐസിഎംആറിന്‍റെ നിര്‍ദേശ പ്രകാരം കേരളത്തിലെ ആരോഗ്യപ്രവര്‍ത്തകരുടെ വിവര ശേഖരണം തുടങ്ങി.
കോവിഡ് വാക്സിന്‍ ജനുവരിയോടെ രാജ്യത്ത് വിതരണം ചെയ്യാനാകുമെന്ന പ്രതീക്ഷയിലാണ് ആരോഗ്യരംഗം. വാക്സിന്‍ ആദ്യം ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് നല്‍കാനാണ് തീരുമാനിച്ചിരിക്കുന്നത്. അതിന് മുന്നോടിയായാണ് ഐസിഎംആര്‍ ആരോഗ്യപ്രവര്‍ത്തകരുടെ വിവര ശേഖരണം നടത്താന്‍ നിര്‍ദേശം നല്‍കിയത്. ഇതിന്‍റെ ഭാഗമായി സര്‍ക്കാര്‍ – സ്വകാര്യ മേഖലയില്‍ നിന്നുള്ള അലോപ്പതി, ഹോമിയോ, ആയുര്‍വേദ, യുനാനി തുടങ്ങി എല്ലാ വിഭാഗങ്ങളില്‍ ഉള്ളവരുടെയും ഡാറ്റ ശേഖരിക്കും. ആശാ വര്‍ക്കര്‍മാരും ഇതില്‍ ഉള്‍പ്പെടും.
അര്‍ഹതപ്പെട്ടവരെ തെരഞ്ഞെടുക്കാന്‍ സംസ്ഥാന തലത്തില്‍ നോഡല്‍ ഓഫീസറെ നിയമിച്ചിട്ടുണ്ട്. ജില്ലാ മെഡിക്കല്‍ ഓഫീസര്‍മാരുടെ നേതൃത്വത്തില്‍ രൂപീകരിച്ച ടാസ്ക് ഫോഴ്സിനാണ് വിവര ശേഖരണത്തിന്‍റെ ചുമതല. പേര്, വയസ്, ജനന തിയ്യതി, മൊബൈല്‍ നമ്പർ ഉള്‍പ്പെടെയുള്ള കാര്യങ്ങളാണ് ശേഖരിക്കുന്നത്. വാക്സിന്‍ വന്നാല്‍ അത് ശേഖരിക്കാനും സൂക്ഷിക്കാനുമുള്ള സ്റ്റോറേജ് സംവിധാനങ്ങളും ഒരുക്കി തുടങ്ങിയിട്ടുണ്ട്. സംസ്ഥാന തലത്തില്‍ സംഭരിക്കുന്ന വാക്സിന്‍ ജില്ലകളിലേക്ക് എത്തിക്കും.