സംസ്ഥാനത്ത് കോവിഡ് കേസുകൾ കൂടുന്നു ; കൂടുതൽ എറണാകുളത്ത്
തിരുവനന്തപുരം:സംസ്ഥാനത്ത് കോവിഡ് രോഗികള്‍ കൂടുതല്‍ തെക്കന്‍, മധ്യകേരള ജില്ലകളില്‍. എറണാകുളത്താണ് കൂടുതല്‍ കേസ്.തൊട്ടുപിന്നില്‍ തിരുവനന്തപുരം. ജൂണ്‍ ആദ്യം മുതലാണ് വീണ്ടും രോഗനിരക്ക് വര്‍ധിച്ചത്. ആരോഗ്യവകുപ്പ് പ്രതീക്ഷിച്ചതാണിത്. തുടര്‍ച്ചയായി ആയിരത്തിലധികമായിരുന്നു രോഗികള്‍. പിന്നീടിത് മൂവായിരവും നാലായിരവും കടന്നു. നാലു മാസത്തിനുശേഷം രോഗബാധിതര്‍ കാല്‍ലക്ഷം പിന്നിട്ടു. ശനിവരെ 26,904 രോഗികളാണ് സംസ്ഥാനത്തുള്ളത്. ഇതില്‍ 6855ഉം എറണാകുളത്താണ്. ഏറ്റവും കുറവ് കാസര്‍കോട്ട്–- 132 പേര്‍.
വാക്സിനെടുക്കേണ്ടവരില്‍ 88 ശതമാനവും രണ്ടാം ഡോസ് സ്വീകരിച്ചിട്ടുണ്ട്. 20 ശതമാനം പേര്‍ കരുതല്‍ ഡോസും സ്വീകരിച്ചതിനാല്‍ ആശുപത്രിയിലുള്ളവര്‍ വളരെ കുറവാണ്. കോവിഡ് മരണത്തില്‍ കാര്യമായ വര്‍ധന ഉണ്ടാകാത്തതും ആശ്വാസം.
ഞയറാഴ്ച സംസ്ഥാനത്ത് 3206 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. 3046 പേര്‍ രോഗമുക്തരായി. നിലവിലെ രോഗികള്‍ 27,051 ആയി. 13 മരണം കൂടി റിപ്പോര്‍ട്ട് ചെയ്തു. ആകെ കോവിഡ് മരണം 26,917.സംസ്ഥാനത്ത് ഇതുവരെ വിതരണം ചെയ്ത കോവിഡ് വാക്സിന്‍ ഡോസുകള്‍ 5,57,93,385 ആയി. ഒന്നാം ഡോസായി 2,89,43,330, രണ്ടാം ഡോസായി 2,48,28,368, കരുതല്‍ ഡോസായി 20,21,687 വാക്സിനും വിതരണംചെയ്തു.