Covid 19:കുതിച്ചുയര്‍ന്ന് കൊവിഡ്, സംസ്ഥാനത്ത് ഇന്ന് 2271 പേർക്ക് സ്ഥിരീകരിച്ചു
തിരുവനന്തപുരം: സംസ്ഥാനത്ത് കൊവിഡ് (Covid 19) വീണ്ടും കുതിച്ചുയരുന്നു. ഇന്ന് കേസുകൾ രണ്ടായിരവും കടന്നു. 2271 പേര്‍ക്കാണ് ഇന്ന് രോഗബാധ സ്ഥിരീകരിച്ചത്. 2 മരണവും കൊവിഡ് മൂലമാണെന്ന് സ്ഥിരീകരിച്ചു. എറണാകുളത്തും തിരുവനന്തപുരത്തുമാണ് കേസുകൾ ഏറ്റവും കൂടുതൽ റിപ്പോര്‍ട്ട് ചെയ്തത്. എറണാകുളം ജില്ലയിൽ ഇന്ന് 622 കേസുകളുണ്ടായി. തിരുവനന്തപുരത്ത് 416 പേര്‍ക്കും രോഗബാധയുണ്ടായി.
കേരളമടക്കമുള്ള രാജ്യത്തെ പല സംസ്ഥാനങ്ങളിലും ഒരിടവേളത്ത് ശേഷം വീണ്ടും കേസുകളുയരുകയാണ്. ദില്ലി, മുംബൈ, ഹരിയാന ഉൾപ്പടെ വിവിധ സംസ്ഥാനങ്ങളിൽ കൊവിഡ് പൊസിറ്റിവിറ്റി നിരക്ക് കൂടി. പ്രാദേശികതലത്തിൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തി രോഗവ്യാപനം തടയാനാണ് കേന്ദ്രം സംസ്ഥാനങ്ങൾക്ക് നിർദേശം നൽകിയിട്ടുള്ളത്. രോഗബാധിതരുടെ ക്വാറന്റീൻ ഉറപ്പാക്കാനും മാസ്‍കും സാമൂഹിക അകലവും ഉൾപ്പെടെ ഉറപ്പാക്കാനും കേന്ദ്രം നിർദേശിച്ചിരുന്നു.
രാജ്യത്തെ പ്രതിദിന കൊവിഡ് കേസുകൾ കഴിഞ്ഞ രണ്ട് ദിവസമായി നാലായിരത്തിന് മുകളിലാണ്. പ്രാദേശിക തലത്തിൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തി കൊവിഡ് വ്യാപനം പിടിച്ചു നിർത്താനാണ് കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ ലക്ഷ്യം. ഇതിനായി പരിശോധന കൂട്ടി ക്വാറന്റൈൻ ഉറപ്പാക്കാൻ നേരത്തെ ആരോഗ്യ മന്ത്രാലയം നിർദേശം നൽകിയിട്ടുണ്ട്.
അതേസമയം,ഉത്തർപ്രദേശിൽ കുരങ്ങുപനി ലക്ഷണങ്ങളുമായി എത്തിയ അഞ്ചു വയസ്സുകാരിയുടെ പരിശോധനാ ഫലം നെഗറ്റീവ്. ദേഹത്ത് കുമിളകളും ചൊറിച്ചിലും അനുഭവപ്പെട്ടതിനെ തുടർന്ന് ചികിത്സ തേടിയ കുട്ടിയുടെ സാമ്പിൾ മുൻകരുതലിൻറെ ഭാഗമായി പരിശോധനയ്ക്ക് അയച്ചിരുന്നു. പുണെ ഐസിഎംആറിൽ നടത്തിയ പരിശോധനയുടെ ഫലം ഇന്ന് വന്നതോടെ കുട്ടിക്ക് കുരങ്ങുപനിയില്ലെന്ന് സ്ഥിരീകരിച്ചു. രാജ്യത്ത് ഇതുവരെ കുരങ്ങുപനി റിപ്പോർട്ട് ചെയ്തിട്ടില്ല.