24 മണിക്കൂറിനിടെ രാജ്യത്ത് കൊവിഡ് ബാധിച്ച് മരിച്ചത് 134 പേര്‍; കൊവിഡ് ബാധിതരുടെ എണ്ണം 78,000 കടന്നു, മരണസംഖ്യ 2,549 ആയി
ന്യൂഡല്‍ഹി: രാജ്യത്ത് കൊവിഡ് 19 മരണനിരക്ക് ഉയരുന്നു. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ രാജ്യത്ത് 134 പേരാണ് കൊവിഡ് ബാധിച്ച് മരിച്ചത്. 3,722 പേര്‍ക്ക് രോഗം സ്ഥിരീകരിക്കുകയും ചെയ്തു. ഇതോടെ രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്ത കൊവിഡ് കേസുകളുടെ എണ്ണം 78,003 ആയി ഉയര്‍ന്നു. ഇവരില്‍ 49,219 പേരാണ് ഇപ്പോള്‍ ചികിത്സയിലുള്ളത്. രാജ്യത്തെ മരണസംഖ്യ 2,549 ആയി ഉയര്‍ന്നു.
രാജ്യത്ത് രോഗമുക്തി നേരിടുന്നവരുടെ എണ്ണത്തില്‍ നേരിയ പുരോഗതി ഉണ്ട്. 33 ശതമാനം പേര്‍ രോഗമുക്തരാകുന്നവെന്നാണ് കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്റെ റിപ്പോര്‍ട്ട്. രാജ്യത്തെ കൊവിഡ് ആശങ്കകള്‍ വര്‍ധിപ്പിക്കുന്നത് മഹാരാഷ്ട്രയില്‍ നിന്നും ഗുജറാത്തില്‍ നിന്നുമുള്ള കണക്കുകളാണ്.
മഹാരാഷ്ട്രയില്‍ കൊവിഡ് രോഗബാധിതരുടെ എണ്ണം കാല്‍ലക്ഷം കഴിഞ്ഞു. ഇവിടെ മരണസംഖ്യയും ആയിരത്തോട് അടുക്കുകയാണ്. 25,922 പേര്‍ക്കാണ് മഹാരാഷ്ട്രയില്‍ രോഗം സ്ഥിരീകരിച്ചത്. 975 പേര്‍ക്കാണ് സംസ്ഥാനത്ത് ജീവന്‍ നഷ്ടമായത്. 5,547 പേര്‍ക്കാണ് രോഗം ഭേദമായത്.
ഗുജറാത്തില്‍ 9,267 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചപ്പോള്‍ 566 പേര്‍ക്ക് ജീവന്‍ നഷ്ടമായി. 3,562 പേര്‍ക്ക് സംസ്ഥാനത്ത് രോഗം ഭേദമായിട്ടുണ്ട്. പശ്ചിമബംഗാളില്‍ 2,290 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. 207 പേര്‍ക്ക് ഇവിടെ ജീവഹാനി സംഭവിച്ചു. മധ്യപ്രദേശിലും കൊവിഡ് മരണനിരക്ക് ഉയരുകയാണ്. 4,173 പേര്‍ക്ക് ഇവിടെ രോഗം സ്ഥിരീകരിച്ചപ്പോള്‍ 232 പേരാണ് കൊവിഡ് ബാധിച്ച് മധ്യപ്രദേശില്‍ മരിച്ചത്.
ഡല്‍ഹിയില്‍ 7,998 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. 106 പേരാണ് ഇവിടെ മരിച്ചത്. രാജസ്ഥാനിലും നൂറിലധികം ആളുകളാണ് കൊവിഡ് ബാധിച്ച് മരിച്ചത്. 121 പേരാണ് രാജസ്ഥാനില്‍ കൊവിഡ് ബാധിച്ച് മരിച്ചത്.