ന്യൂഡല്‍ഹി: രാജ്യത്തെ പ്രതിദിന കൊവിഡ് കേസുകളില്‍ കുറവ്. പുതുതായി കൊവിഡ് സ്ഥിരീകരിച്ചത് 2,76,070 പേര്‍ക്കാണ്. രാജ്യത്ത് 24 മണിക്കൂറിനിടെ 3874 കൊവിഡ് മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തു. ഇന്ന് മരണ നിരക്കില്‍ കുറവ് വന്നത് ആശ്വാസമായി. 1.11 ശതമാനമാണ് ഇന്നത്തെ മരണ നിരക്ക്.
3.69 ലക്ഷം പേര്‍ രോഗമുക്തി നേടി. ഈ മാസത്തില്‍ 75000 കൊവിഡ് മരണങ്ങളാണ് രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്തത്. റെക്കോര്‍ഡ് മരണങ്ങളാണ് ഈ മാസം രേഖപ്പെടുത്തിയത്. കഴിഞ്ഞ മാസത്തില്‍ 49,000 മരണങ്ങളുമുണ്ടായി.
മഹാരാഷ്ട്രയില്‍ ഇന്നലെ 34,031പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. 51,457പേര്‍ രോഗമുക്തരായി. 54,67,537പേര്‍ക്കാണ് മഹാരാഷ്ട്രയില്‍ ഇതുവരെ രോഗം ബാധിച്ചത്. 49,78,937പേര്‍ രോഗമുക്തരായി. 84,371പേരാണ് മരിച്ചത്. 4,01,695പേര്‍ ചികിത്സയിലാണ്. ആന്ധ്രയില്‍ 23,160പേര്‍ക്കും ബംഗാളില്‍ 19,006പേര്‍ക്കും പുതുതായി രോഗം ബാധിച്ചു.
കൊവിഡ് സാഹചര്യം വിലയിരുത്താന്‍ പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്നും ജില്ലാ കളക്ടര്‍മാരുമായി ചര്‍ച്ച നടത്തും. ട്രിപ്പിള്‍ ലോക്ക് ഡൗണും ലോക്ക് ഡൗണും ഉള്‍പ്പെടെ കര്‍ശന നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയ ശേഷം സംസ്ഥാനങ്ങളിലെ കൊവിഡ് സാഹചര്യം എങ്ങനെയെന്ന് യോഗത്തില്‍ വിലയിരുത്തും. ചര്‍ച്ചയില്‍ ചീഫ് സെക്രട്ടറിമാരും പങ്കെടുത്തേക്കും. കഴിഞ്ഞ ദിവസവും വിവിധ സംസ്ഥാനങ്ങളിലെ പ്രതിനിധികളുമായി പ്രധാനമന്ത്രി ചര്‍ച്ച നടത്തിയിരുന്നു.