ന്യൂഡല്‍ഹി രാജ്യത്ത് അണ്‍ലോക്ക് രണ്ടാംഘട്ടം ഇന്നുമുതല്‍ പ്രാബല്യത്തിലാവും സാമ്പത്തിക മേഖലയെ പുനഃസ്ഥാപിക്കാനുള്ള നടപടികളാണ് ഈ ഘട്ടത്തില്‍ കൂടുതലായി ഉണ്ടാകുക. ഇന്നലെ രാജ്യത്തെ അഭിസംബോധന ചെയ്ത പ്രധാനമന്ത്രി ഇളവുകള്‍ ദുരുപയോഗിക്കുന്നതിനെതിരെ ശക്തമായ നടപടി ഉണ്ടാകും എന്ന് അറിയിച്ചിരുന്നു. പ്രതിദിന രോഗ വ്യാപനം വലിയ തോതില്‍ വര്‍ധിക്കുന്ന സാഹചര്യത്തില്‍ വിദ്യാലയങ്ങള്‍ അടക്കം ഈ ഘട്ടത്തിലും തുറന്ന് പ്രവര്‍ത്തിക്കില്ല. അന്തര്‍ സംസ്ഥാന യാത്ര നടത്തുന്ന വര്‍ക്ക് ഇ പാസ് വേണ്ട എന്നതാണ് ഈ ഘട്ടത്തിലെ ഒരു പ്രധാന നിര്‍ദ്ദേശം.
അതേസമയം, രാജ്യത്ത് കൊവിഡ് വ്യാപനം രൂക്ഷമാവുകയാണ്. മഹാരാഷ്ട്രയില്‍ രോഗബാധിതരുടെ എണ്ണം ഒന്നേമുക്കാല്‍ ലക്ഷത്തിലേക്ക് അടുക്കുകയാണ്. തമിഴ്നാട്ടില്‍ പോസിറ്റീവ് കേസുകള്‍ 90,000 വും ഡല്‍ഹിയില്‍ 87,000 വും കടന്നു. തെലങ്കാനയില്‍ 16,000 കടന്ന് കൊവിഡ് കേസുകള്‍ കുതിക്കുകയാണ്. മണിപ്പൂരില്‍ ജൂലൈ 15 വരെ രാത്രികാല കര്‍ഫ്യു പ്രഖ്യാപിച്ചിട്ടുണ്ട്.
ഡല്‍ഹിയില്‍ 24 മണിക്കൂറിനിടെ 62 പേര്‍ മരിച്ചു. 2199 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. ആകെ കൊവിഡ് ബാധിതര്‍ 87360 ഉം മരണം 2742 ഉം ആയി. തമിഴ്നാട്ടില്‍ 60 പേര്‍ കൂടി മരിച്ചതോടെ ആകെ മരണസംഖ്യ 1201 ആയി ഉയര്‍ന്നു. 3943 പുതിയ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. ആകെ പോസിറ്റീവ് കേസുകള്‍ 90,167 ആയി. ഇതില്‍ ചെന്നൈയില്‍ നിന്നാണ് 58,327 രോഗബാധിതര്‍.ഗുജറാത്തില്‍ 24 മണിക്കൂറിനിടെ 620 പോസിറ്റീവ് കേസുകളും 20 മരണവും റിപ്പോര്‍ട്ട് ചെയ്തതോടെ ആകെ പോസിറ്റീവ് കേസുകള്‍ 32,446 ഉം മരണം 1848 ഉം ആയി. തെലങ്കാനയില്‍ രോഗം വ്യാപിക്കുകയാണ്. 945 പുതിയ കേസുകളും ഏഴ് മരണവും റിപ്പോര്‍ട്ട് ചെയ്തു. ആകെ കൊവിഡ് ബാധിതര്‍ 16,339 ആയി. ഇതുവരെ 260 പേര്‍ മരിച്ചു. കര്‍ണാടകയില്‍ 947 ഉം ആന്ധ്രയില്‍ 704 ഉം പുതിയ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു.