പ്രതികള്‍ ലക്ഷ്യമിട്ടത് ഷംന കാസിമിനെ തട്ടിക്കൊണ്ടു പോകാന്‍,ബ്ലാക്ക് മെയില്‍ കേസില്‍ വിശദാംശങ്ങള്‍ പുറത്തുവിട്ട് പോലീസ്
കൊച്ചി നടി ഷംന കാസിമില്‍ നിന്ന് പണം തട്ടിയെടുക്കുന്നതിന് മാത്രമല്ല നടിയെ തട്ടിക്കൊണ്ട് പോകുന്നതിനുകൂടിയാണ് പ്രതികള്‍ ആസൂത്രണം നടത്തിയതെന്ന് ഐ.ജി.വിജയ് സാഖറെ.ഷംന കൃത്യസമയത്ത് പരാതി നല്‍കിയതിനാല്‍ പ്രതികളുടെ ശ്രമം പരാജയപ്പെട്ടെന്നും കൊച്ചി കമ്മീഷണര്‍ പറഞ്ഞു.
പണം തട്ടാനുള്ള ശ്രമം പരാജയപ്പെട്ടതോടെയാണ് ഷംനയെ തട്ടിക്കൊണ്ടുപോകാന്‍ പ്രതികള്‍ പദ്ധതിയിട്ടത്. എന്നാല്‍ അതിന് മുമ്പേ ഷംന പരാതി നല്‍കിയതോടെ പദ്ധതി പാളുകയായിരുന്നു. പ്രൊഡക്ഷന്‍ മാനേജരായ ഷാജി പട്ടിക്കരയെ പ്രതികള്‍ സമീപിച്ചത് സിനിമാ നിര്‍മാതാക്കളെന്ന നിലയ്ക്കാണെന്നും വിജയ് സാക്കറെ പറയുന്നു. കൂടുതല്‍ സിനിമാ താരങ്ങളെ പ്രതികള്‍ ലക്ഷ്യമിട്ടിരുന്നു. സംഭവത്തിലെ മുഴുവന്‍ പ്രതികളെയും പിടികൂടിയെന്നും വിജയ് സാഖറെ കൂട്ടിച്ചേര്‍ത്തു.
തട്ടിക്കൊണ്ടുപോകുന്നതിന് മുമ്പായാണ് ഷംനയുമായി പ്രതികള്‍ അടുക്കാന്‍ ശ്രമിച്ചത്. ഇതിന്റെ പേരിലാണ് വിവാഹാലോചന നടത്തിയത്. ഈ വിവാഹാലോചന ഷംന അംഗീകരിക്കുയും വീട്ടില്‍ വന്ന് അന്വേഷിക്കാന്‍ പറയുകയായിരുന്നു. കൂടുതല്‍ അടുക്കാനുള്ള വഴിയായി പ്രതികള്‍ ഈ അവസരത്തെ കണ്ടു. റഫീഖ് എന്ന പ്രതി അന്‍വര്‍ അലി എന്ന പേരിലാണ് ഷംനയെ സമീപിച്ചത്. ആദ്യം ഒരു ലക്ഷം, പിന്നീട് 50,000 രൂപയും ഷംനയില്‍ നിന്ന് ഇവര്‍ ആവശ്യപ്പെട്ടു. പണം നല്‍കിയില്ലെങ്കില്‍ തട്ടിക്കൊണ്ടുപോയി ചീത്തപ്പേരുണ്ടാക്കി വീണ്ടും ഭീഷണിപ്പെടുത്തി പണം തട്ടുകയായിരുന്നു പ്രതികളുടെ ലക്ഷ്യം. എന്നാല്‍ അതിന് മുമ്പേ ഷംന പൊലീസില്‍ പരാതി നല്‍കിയതാണ് രക്ഷയായത്.
കഴിഞ്ഞയാഴ്ചയാണ് കേസിനാസ്പദമായ സംഭവം നടക്കുന്നത്. ഷംനയ്ക്ക് വിവാഹാലോചനയുമായി നാലംഗ സംഘം വീട്ടിലെത്തി. ആ സമയം ഷംനയുടെ അമ്മ മാത്രമായിരുന്നു വീട്ടില്‍ ഉണ്ടായിരുന്നത്. കാര്യങ്ങള്‍ പറഞ്ഞ ശേഷം സംഘം ഷംനയുടെ വീടിന്റെ ദൃശ്യങ്ങള്‍ ഫോണില്‍ പകര്‍ത്തി. പിന്നീട് ഇവര്‍ കടന്നു കളയുകയും ചെയ്തു. സംശയം തോന്നിയ ഷംനയുടെ അമ്മ പൊലീസില്‍ പരാതി നല്‍കുന്നതോടെയാണ് ബ്ലാക്ക്മെയിലിംഗ് സംഘത്തെ കുറിച്ചുള്ള ചുരുളുകളഴിയുന്നത്.
ഇതിന് പിന്നാലെ ഷംനാ കാസിമിനൊപ്പം സ്റ്റേജ് ഷോകളില്‍ പങ്കെടുത്തിരുന്ന നാല് സിനിമാ നടന്മാരെയും വിവരശേഖരണത്തിനായി പൊലീസ് ചോദ്യം ചെയ്തു. ഈ ഘട്ടത്തില്‍ മിയ, ഷംനാ കാസിം എന്നിവരെ പരിചയപ്പെടുത്തി കൊടുക്കണമെന്ന് പറഞ്ഞ് പ്രതികള്‍ സമീപിച്ചിരുന്നതായി നടന്‍ ധര്‍മജന്‍ ബോള്‍ഗാട്ടി വെളിപ്പെടുത്തി. സെലിബ്രിറ്റികളെ വച്ച് സ്വര്‍ണക്കടത്ത് നടത്താനാണ് പ്രതികള്‍ ലക്ഷ്യമിട്ടിരുന്നതെന്നും എന്നാല്‍ ഈ പേരില്‍ താനാരെയും വിളിച്ചിട്ടില്ലെന്നും ധര്‍മ്മജന്‍ പറഞ്ഞു. ഷംനാ കാസിം ബ്ലാക്ക് മെയിലിംഗ് കേസില്‍ വിവരശേഖരണത്തിനായി ധര്‍മജനെ പൊലീസ് വിളിപ്പിച്ചിരുന്നു. ഇതിന് ശേഷം പുറത്തിറങ്ങി മാധ്യമങ്ങളെ കണ്ടപ്പോഴാണ് ധര്‍മജന്‍ ഇക്കാര്യങ്ങള്‍ പറഞ്ഞത്.തട്ടിപ്പുമായി ബന്ധപ്പെട്ടവര്‍ വിളിച്ചിട്ടില്ലെന്ന് നടി മിയയുടെ അമ്മ മിനി ജോര്‍ജും വ്യക്തമാക്കി.