ന്യൂഡല്‍ഹി: രാജ്യത്ത് കൊവിഡ് മൂന്നാം തരംഗം രൂക്ഷമാകാന്‍ സാധ്യതയെന്ന് മുന്നറിയിപ്പ്. ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി ഹൈദരാബാദ്, കാണ്‍പൂര്‍ എന്നിവിടങ്ങളിലെ ഗവേഷകരാണ് മുന്നറിയിപ്പുമായി രംഗത്തെത്തിയത്.
ഈ മാസത്തോടെ ആരംഭിക്കുന്ന മൂന്നാം തരംഗം ഒക്ടോബറില്‍ രൂക്ഷമാകും. പ്രതിദിന കൊവിഡ് രോഗികളുടെ എണ്ണം ഒരു ലക്ഷം മുതല്‍ 1,50,000 വരെ എത്താനാണ് സാധ്യത. എന്നാല്‍ രണ്ടാം തരംഗത്തോളം മൂന്നാം തരംഗം രൂക്ഷമാകില്ലെന്നും വിദഗ്ധര്‍ ചൂണ്ടിക്കാട്ടി.
രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 40,134 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഇതോടെ രാജ്യത്തെ ആകെ കൊവിഡ് ബാധിതരുടെ എണ്ണം 3,16,95,358 ആയി ഉയര്‍ന്നു. നിലവില്‍ 4,13,718 സജീവ കോവിഡ് കേസുകളാണ് രാജ്യത്തുള്ളത്.
24 മണിക്കൂറിനിടെ 422 പേരാണ് കോവിഡ് ബാധിച്ച് മരിച്ചത്. ഇതോടെ രാജ്യത്തെ ആകെ കോവിഡ് മരണം 4,24,773 ആയി ഉയര്‍ന്നു. പുതിയതായി 36,946 പേര്‍ രോഗമുക്തരാകുകയും ചെയ്തു. ആകെ കൊവിഡ് മുക്തരുടെ എണ്ണം 3,08,57,467 ആയി. കഴിഞ്ഞ 24 മണിക്കൂറില്‍ 17,06,598 പേര്‍ക്ക് വാക്സിന്‍ നല്‍കിയതായി ആരോഗ്യമന്ത്രാലയം അറിയിച്ചു. ഇതുവരെ 47,22,23,639 പേര്‍ രാജ്യത്ത് വാകസിന്‍ എടുത്തിട്ടുണ്ട്.