കോവിഡ് വ്യാപനം രൂക്ഷം; നിയന്ത്രണങ്ങൾ കടുപ്പിച്ച് യൂറോപ്യൻ രാജ്യങ്ങൾ
പാരീസ്: കൊറോണ വൈറസ് വ്യാപനം രൂക്ഷമായതോടെ നിയന്ത്രണങ്ങൾ കടുപ്പിച്ച് യൂറോപ്യൻ രാജ്യങ്ങൾ. കോവിഡ് വ്യാപനം കുതിച്ചതോടെ ചെക്ക് റിപ്പബ്ലിക്കിൽ വീണ്ടും ഭാഗിക ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചു. ഇവിടെ ശരാശരി 10,000പേർക്കെങ്കിലും ദിനംപ്രതി കോവിഡ് വ്യാപിക്കുന്നുവെന്നാണ് അനൗദ്യോഗിക കണക്കുകൾ. ഇതോടെ സ്കൂളുകളും, ബാറുകളും, ക്ലബുകളും അടച്ചിടണമെന്ന് ഭരണകൂടം നിർദേശിച്ചു. ഹോട്ടലുകളും മറ്റ് ഭക്ഷണശാലകളും അടയ്ക്കാനും നിർദേശമുണ്ട്.
യൂറോപ്യൻ രാജ്യമായ നെതർലൻഡ്സിലും ഭാഗിക ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചു. ഇവിടെ പൊതു ഇടങ്ങളിൽ മാസ്ക് കർശനമാക്കുകയും ചെയ്തു. പാരീസിലും വൈറസ് വ്യാപനം രൂക്ഷമാണ്. പാരീസിലെ ആശുപത്രികളിൽ 90 ശതമാനവും അടുത്തയാഴ്ചയോടെ കോവിഡ് ബാധിതരെക്കൊണ്ട് നിറയുമെന്നാണ് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. പാരീസിൽ രാത്രികാല കർഫ്യൂ ഏർപ്പെടുത്താൻ സാധ്യതയെന്നാണ് മാധ്യമ വാർത്തകൾ.
വിവിധ യൂറോപ്യൻ രാജ്യങ്ങളിലെ സ്ഥിതിവിവരങ്ങൾ സസൂക്ഷ്മം നിരീക്ഷിച്ചു വരികയാണെന്ന് ജർമൻ ചാൻസലർ ആംഗല മെർക്കലും വ്യക്തമാക്കിയിരുന്നു. ആവശ്യമായി വന്നാൽ ശക്തമായ നിയന്ത്രണങ്ങൾ ഏർപ്പെടുത്തുമെന്നും നിലവിൽ സ്ഥിതിഗതികൾ ഗുരുതരമായിക്കൊണ്ടിരിക്കുകയാണെന്നും അവർ പറഞ്ഞിരുന്നു.