ആശുപത്രിയില്‍ വച്ച് നഴ്‌സ് പീഡിപ്പിച്ചു; കൊവിഡ് രോഗി മരണത്തിന് കീഴടങ്ങി
ഭോപ്പാല്‍: ആശുപത്രിയില്‍ നഴ്‌സിന്റെ പീഡനത്തിന് ഇരയായ കൊവിഡ് രോഗി മരണത്തിന് കീഴടങ്ങി. മധ്യപ്രദേശിലെ ഭോപ്പാലിലുള്ള സര്‍ക്കാര്‍ ആശുപത്രിയിലാണ് സംഭവം. ആശുപത്രിയിലെ പുരുഷ നഴ്‌സ് ആണ് 43കാരിയായ സ്ത്രീയെ പീഡിപ്പിച്ചത്.
ഒരു മാസം മുന്‍പാണ് സംഭവം നടന്നതെങ്കിലും വ്യാഴാഴ്ചയാണ് പോലീസ് പ്രതിയുടെ അറസ്റ്റ് പുറത്തുവിട്ടത്. കൊവിഡ് ബാധിച്ച് ഭോപ്പാല്‍ മെമ്മോറിയല്‍ ഹോസ്പിറ്റല്‍ ആന്‍ഡ് റിസര്‍ച്ച് സെന്ററില്‍ ചികിത്സയില്‍ കഴിഞ്ഞ സ്ത്രീയാണ് പീഡനത്തിന് ഇരയായത്.
തുടര്‍ന്ന് ഇവര്‍ സംഭവത്തെക്കുറിച്ച് ഡോക്ടറോട് പറഞ്ഞു. പിന്നീട് ആരോഗ്യസ്ഥിതി ഗുരുതരമായതിനെ തുടര്‍ന്ന് ഇവരെ വെന്റിലേറ്ററില്‍ പ്രവേശിപ്പിച്ചുവെങ്കിലും മരണത്തിന് കീഴടങ്ങി. ഡോക്ടറുടെ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തിലാണ് ആശുപത്രിയിലെ നഴ്‌സായ 40കാരന്‍ സന്തോഷ് അഹിര്‍വാറിനെ പോലീസ് അറസ്റ്റ് ചെയ്തത്. ഭോപ്പാല്‍ സെന്‍ട്രല്‍ ജയിലിലാണ് ഇയാളെ പാര്‍പ്പിച്ചിരുന്നത്.
ഇതേ ആശുപത്രിയിലെ മറ്റൊരു നഴ്‌സായ യുവതിയെ ഇയാള്‍ പീഡിപ്പിച്ചിട്ടുണ്ടെന്നും ജോലി സമയത്ത് മദ്യപിച്ചതിന് ഇയാളെ സസ്‌പെന്‍ഡ് ചെയ്തിട്ടുണ്ടെന്നും പോലീസ് വ്യക്തമാക്കി. ഇയാള്‍ക്കെതിരെ പോലീസ് കൂടുതല്‍ നടപടികള്‍ സ്വീകരിച്ചു വരികയാണ്.