KeralaNews

കൊവിഡ് നിയന്ത്രണങ്ങളിൽ ഇന്ന് മുതൽ ഇളവുകൾ

കൊച്ചി:സംസ്ഥാനത്തെ കോവിഡ് വ്യാപനത്തിന്റെ പശ്ചാതലത്തില്‍ നടപ്പാക്കിയിരുന്ന രാത്രി കര്‍ഫ്യൂ ഇനി ഇല്ല.തീരുമാനം ഇന്നുമുതല്‍ പ്രാബല്യത്തില്‍വരും. ഇന്നലെ മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ചേ‍ര്‍ന്ന കോവിഡ് അവലോകനയോ​ഗത്തിലാണ് ഇതുമായി ബന്ധപ്പെട്ട തീരുമാനമുണ്ടായത്. രാത്രിയിലെ നിയന്ത്രണങ്ങള്‍ ഒഴിവാക്കിയതിനൊപ്പം ഞായറാഴ്ച ലോക്ക്ഡൗണും പിന്‍വലിച്ചിട്ടുണ്ട്. സംസ്ഥാനത്ത് കോവിഡ് കേസുകള്‍ കുറഞ്ഞ പശ്ചാത്തലത്തിലാണ് തീരുമാനം.

ഒരാഴ്ചത്തെ ശരാശരി രോഗ സ്ഥിരീകരണ നിരക്ക് 17.91 ശതമാനമായി കുറഞ്ഞിട്ടുണ്ട്. കഴിഞ്ഞ നാല് ദിവസമായി നിരക്ക് കുറയുന്ന പ്രവണതയാണ് കാണിക്കുന്നതും. കഴിഞ്ഞയാഴ്ച വിവിധ മേഖലയിലെ വിദഗ്ധരുമായി മുഖ്യമന്ത്രി നടത്തിയ കൂടിയാലോചനയില്‍ നിയന്ത്രണങ്ങളില്‍ ഇളവു നല്‍കണമെന്നാണ് മിക്കവരും ചൂണ്ടിക്കാട്ടിയത്.

ഓണാഘോഷത്തിന്റെ ഭാഗമായി കോവിഡ് ബാധിതരുടെ എണ്ണം കുതിച്ചുയര്‍ന്നേക്കുമെന്ന ഭീതിയിലാണ് നിയന്ത്രണങ്ങള്‍ കടുപ്പിച്ചത്. എന്നാല്‍, പ്രതീക്ഷിച്ചത്ര രോഗ വ്യാപനമുണ്ടായില്ല.ആശുപത്രികളില്‍ ചികിത്സയിലുള്ളവരുടെ എണ്ണവും കുറഞ്ഞിട്ടുണ്ട്.

കേരളത്തില്‍ ഇന്നലെ 25,772 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 3194, മലപ്പുറം 2952, കോഴിക്കോട് 2669, തൃശൂര്‍ 2557, കൊല്ലം 2548, പാലക്കാട് 2332, കോട്ടയം 1814, തിരുവനന്തപുരം 1686, കണ്ണൂര്‍ 1649, ആലപ്പുഴ 1435, പത്തനംതിട്ട 1016, ഇടുക്കി 925, വയനാട് 607, കാസര്‍ഗോഡ് 388 എന്നിങ്ങനേയാണ് ജില്ലകളില്‍ രോഗ ബാധ സ്ഥിരീകരിച്ചത്.കഴിഞ്ഞ 24 മണിക്കൂറിനിടെ 1,62,428 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 15.87 ആണ്. ഇതുവരെ 3,26,70,564 ആകെ സാമ്പിളുകളാണ് പരിശോധിച്ചത്.

പ്രതിവാര ഇന്‍ഫെക്ഷന്‍ പോപ്പുലേഷന്‍ റേഷ്യോ (WIPR) ഏഴിന് മുകളിലുള്ള 296 തദ്ദേശ സ്വയംഭരണ പ്രദേശങ്ങളാണുള്ളത്. അതില്‍ 81 എണ്ണം നഗര പ്രദേശങ്ങളിലും 215 എണ്ണം ഗ്രാമ പ്രദേശങ്ങളിലുമാണുള്ളത്.കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 189 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 21,820 ആയി.ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 133 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 24,253 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 1261 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. 125 ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് രോഗം ബാധിച്ചു.

രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 27,320 പേര്‍ രോഗമുക്തി നേടി. തിരുവനന്തപുരം 2085, കൊല്ലം 3490, പത്തനംതിട്ട 1243, ആലപ്പുഴ 1909, കോട്ടയം 1457, ഇടുക്കി 422, എറണാകുളം 2319, തൃശൂര്‍ 2776, പാലക്കാട് 1996, മലപ്പുറം 3964, കോഴിക്കോട് 3319, വയനാട് 914, കണ്ണൂര്‍ 914, കാസര്‍ഗോഡ് 512 എന്നിങ്ങനേയാണ് രോഗമുക്തിയായത്. ഇതോടെ 2,37,045 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 39,93,877 പേര്‍ ഇതുവരെ കോവിഡില്‍ നിന്നും മുക്തി നേടി.

സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 6,18,684 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 5,85,749 പേര്‍ വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 32,935 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 2464 പേരെയാണ് പുതുതായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

കോവിഡ് 19 വിശകലന റിപ്പോര്‍ട്ട്

· ഇന്ന് വൈകുന്നേരം വരെ വാക്‌സിനേഷന്‍ എടുക്കേണ്ട ജനസംഖ്യയുടെ 76.15 ശതമാനം പേര്‍ക്ക് (2,18,54,153) ഒരു ഡോസ് വാക്‌സിന്‍ നല്‍കി
· 28.73 ശതമാനം പേര്‍ക്ക് (82,46,563) രണ്ട് ഡോസ് വാക്‌സിന്‍ നല്‍കി
· ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ വാക്‌സിനേഷന്‍/ ദശലക്ഷം ഉള്ള സംസ്ഥാനം കേരളമാണ് (8,38,438)
· 45 വയസില്‍ കൂടുതല്‍ പ്രായമുള്ള 92 ശതമാനത്തിലധികം പേര്‍ക്ക് ഒറ്റ ഡോസും 48 ശതമാനം പേര്‍ക്ക് രണ്ട് ഡോസും വാക്‌സിനേഷന്‍ നല്‍കിയിട്ടുണ്ട്.

· കോവിഡ് 19 വാക്‌സിന്‍ ആളുകളെ രോഗബാധയില്‍ നിന്നും ഗുരുതരമായ അസുഖത്തില്‍ നിന്നും സംരക്ഷിക്കുകയും ആശുപത്രിവാസത്തിന്റെയും മരണത്തിന്റെയും സാധ്യത ഗണ്യമായി കുറയ്ക്കുകയും ചെയ്യുന്നു.
· നിലവില്‍ 2,37,045 കോവിഡ് കേസുകളില്‍, 13.3 ശതമാനം വ്യക്തികള്‍ മാത്രമാണ് ആശുപത്രി/ഫീല്‍ഡ് ആശുപത്രികളില്‍ പ്രവേശിപ്പിക്കപ്പെട്ടിട്ടുള്ളത് .
· കോവിഡ് പോസിറ്റീവ് ആയ മറ്റ് അനുബന്ധ രോഗമുള്ളവര്‍ വീട്ടില്‍ താമസിക്കുന്നത് ഒഴിവാക്കുന്നത് നല്ലതാണ്.:

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button