പാലക്കാട്: വ്യാപാര സ്ഥാപനങ്ങളില്‍ കോവിഡ് മാനദണ്ഡങ്ങള്‍ പാലിക്കുന്നുണ്ടോയെന്നറിയാന്‍ മിന്നല്‍ പരിശോധന. പാലക്കാട് നഗരത്തിലെ വ്യാപാര സ്ഥാപനങ്ങളില്‍ ആണ് സോഷ്യല്‍ ഡിഡന്‍സിങ്ങ് കോ ഓര്‍ഡിനേറ്ററായ ജില്ല ഫയര്‍ ഓഫീസറുടെ നേതൃത്വത്തിലുള്ള സംഘം പരിശോധന നടത്തിയത്. മാനദണ്ഡങ്ങള്‍ പാലിക്കാത്ത സ്ഥാപനങ്ങള്‍ക്കെതിരെ നോട്ടീസ് നല്‍കി. ഓണം അടുത്തതോടെ മിക്ക വ്യാപാര സ്ഥാപനങ്ങളിലും വലിയ തിരക്കാണ് ഉള്ളത്. പല സ്ഥാപനങ്ങളും കോവിഡ് മാനദണ്ഡങ്ങള്‍ പാലിക്കാതെയാണ് പ്രവര്‍ത്തിക്കുന്നത്. ഈ സാഹചര്യത്തിലാണ് ജില്ല ഫയര്‍ ഓഫീസറുടെ നേതൃത്വത്തിലുള്ള സംഘം വ്യാപര സ്ഥാപനങ്ങളില്‍ പരിശോധനയ്‌ക്കെത്തിയത്.
വിവിധ സ്വക്വാഡുകളായി തിരിഞ്ഞ് നടത്തിയ പരിശോധനയില്‍ പത്തിലധികം സ്ഥാപനങ്ങള്‍ സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കാതെ പ്രവര്‍ത്തിക്കുന്നതായി കണ്ടെത്തുകയും അത്തരം സ്ഥാപനങ്ങള്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് കാണിച്ച് നോട്ടീസ് നല്‍കുകയും ചെയ്തു. വ്യാപാരസ്ഥാപനങ്ങള്‍ക്ക് പുറമേ തൊട്ടടുത്ത ദിവസങ്ങളില്‍ പച്ചക്കറി മാര്‍ക്കറ്റുകള്‍ കേന്ദ്രീകരിച്ചും പരിശോധന നടത്തും.