കൊച്ചി: കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തില്‍ എറണാകുളത്ത് സാമൂഹിക സാംസ്‌കാരിക പൊതുപരിപാടികള്‍ക്ക് വിലക്ക്. മുന്‍കൂട്ടി നിശ്ചയിച്ച പരിപാടികള്‍ മാറ്റിവയ്ക്കാന്‍ കളക്ടറുടെ നിര്‍ദ്ദേശമുണ്ട്. സര്‍ക്കാര്‍ പൊതുമേഘല സ്ഥാപനങ്ങളില്‍ ഉള്‍പ്പെടെ യോഗങ്ങള്‍ ഓണ്‍ലൈനായി നടത്തണം. വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ക്ലസ്റ്റര്‍ രൂപപ്പെട്ടാല്‍ 15 ദിവസത്തേക്ക് അടച്ചിടണം. മാളുകളില്‍ പ്രവേശനം 25 ചതുരശ്ര അടിയില്‍ ഒരാള്‍ എന്ന നിലയില്‍ ക്രമീകരിക്കണം.
ജില്ലയില്‍ ടിപിആര്‍ തുടര്‍ച്ചയായ മൂന്നാം ദിവസവും 30 ശതമാനത്തിന് മുകളിലാണെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു. ജില്ലയില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ഉള്‍പ്പെടെ 11 കേന്ദ്രങ്ങളില്‍ കോവിഡ് ക്ലസ്റ്ററുകള്‍ രൂപപ്പെട്ടു. നിലവിലെ സാഹചര്യത്തില്‍ പരിശോധനകളുടെ എണ്ണം വര്‍ദ്ധിപ്പിക്കും. രോഗികളോ സമ്പര്‍ക്കമുള്ളവരോ ക്വാറന്റൈനില്‍ അലംഭാവം കാണിക്കരുതെന്നും ജില്ലയില്‍ അതീവ ജാഗ്രത വേണമെന്നും ആരോഗ്യ വകുപ്പ് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
അതേസമയം സംസ്ഥാനത്തെ കൊവിഡ് വ്യാപനം തീവ്രമാകുമെന്ന് ആരോഗ്യ വകുപ്പ് മുന്നറിയിപ്പ് നല്‍കി. പ്രതിദിന രോഗികളുടെ എണ്ണവും ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കും കുതിച്ചുയര്‍ന്നു. ഇന്നലെ പ്രതിദിന കൊവിഡ് കേസുകള്‍ പതിനെട്ടായിരം കടന്നപ്പോള്‍ ഇന്നലത്തെ ടിപിആര്‍ 30.55 ശതമാനമായി. ദിവസങ്ങളുടെ ഇടവേളയില്‍ സംസ്ഥാനത്തെ കൊവിഡ് ബാധിതരുടെ ആകെ എണ്ണം ഒരു ലക്ഷത്തിന് മുകളിലായി. തിരുവനന്തപുരം, എറണാകുളം, തൃശൂര്‍, കോഴിക്കോട്, കോട്ടയം ജില്ലകളില്‍ രോഗ വ്യാപനം രൂക്ഷമാണ്. തിരുവനന്തപുരത്ത് ടിപിആര്‍ 36 ന് മുകളിലാണ്.
ആള്‍ക്കൂട്ട നിയന്ത്രണം കര്‍ശനമാക്കുന്നതിനായി കൂടുതല്‍ സെക്ട്രല്‍ മജിസ്ട്രേറ്റുമാരെ നിയോഗിക്കാന്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. സംസ്ഥാനത്ത് ബുധനാഴ്ച്ച മുതല്‍ സ്‌കൂളിലെത്തി കുട്ടികള്‍ക്ക് വാക്സിന്‍ നല്‍കുമെന്ന് ആരോഗ്യ മന്ത്രി അറിയിച്ചു.സ്‌കൂളുകളിലെ വാക്സിനേഷന്‍ സംബന്ധിച്ച മാര്‍ഗനിര്‍ദ്ദേശങ്ങള്‍ ആരോഗ്യ വകുപ്പ് പുറത്തിറക്കിയിട്ടുണ്ട്.
അതേസമയം, സംസ്ഥാനത്തെ സ്‌കൂളുകളുടെ പ്രവര്‍ത്തനത്തിനുള്ള മാര്‍ഗരേഖ ഇന്ന് പുറത്തിറക്കും. വിദ്യാഭ്യാസ മന്ത്രിയുടെ അധ്യക്ഷതയില്‍ ചേരുന്ന ഉന്നതതല യോഗം സ്‌കൂളുകളുടെ പ്രവര്‍ത്തനം അവലോനം ചെയ്യും. രാവിലെ പതിനൊന്നിനാണ് യോഗം. കൊവിഡ് വ്യാപനം വര്‍ധിച്ച സാഹചര്യത്തില്‍ ഒന്‍പതുവരെയുള്ള ക്ലാസുകള്‍ 21 ന് മുമ്പ് നിര്‍ത്തിവയ്ക്കണമോയെന്നതും യോഗം ചര്‍ച്ച ചെയ്യും. ഇതോടൊപ്പം പത്ത് മുതല്‍ പന്ത്രണ്ട് വരെ ക്ലാസുകള്‍ ഓഫ് ലൈനായി എങ്ങനെ നടത്തണമെന്നത് സംബന്ധിച്ച് തീരുമാനമെടുക്കും.
ബുധനാഴ്ച മുതല്‍ സ്‌കൂളുകള്‍ കേന്ദ്രീകരിച്ച് വാക്സിനേഷന്‍ തുടങ്ങുന്ന സാഹചര്യത്തില്‍ പത്ത് മുതല്‍ പന്ത്രണ്ട് വരെ ക്ലാസുകള്‍ ഓണ്‍ലൈനാക്കാന്‍ കഴിയില്ല. വാക്സിനേഷനു വേണ്ട സജ്ജീകരണങ്ങളെക്കുറിച്ചും അവലോകനയോഗം തീരുമാനമെടുക്കും. സ്‌കൂളുകളില്‍ ക്ലസറ്ററുകള്‍ രൂപപ്പെട്ടാല്‍ 15 ദിവസം സ്‌കൂള്‍ അടച്ചിടാന്‍ തീരുമാനിച്ചിട്ടുണ്ട്.