തൃശൂരും കൊവിഡ് മരണം റിപ്പോര്‍ട്ട് ചെയ്തു; ഇന്ന് മാത്രം മരിച്ചത് മൂന്നു പേര്‍

തൃശൂര്‍: സംസ്ഥാനത്ത് ഇന്ന് റിപ്പോര്‍ട്ട് ചെയ്തത് മൂന്ന് കൊവിഡ് മരണം. മലപ്പുറം, കാസര്‍ഗോഡ്, തൃശൂര്‍ ജില്ലകളിലാണ് മരണം റിപ്പോര്‍ട്ട് ചെയ്തത്. തൃശൂര്‍ ഇരിങ്ങാലക്കുടയില്‍ കൊവിഡ് ചികിത്സയിലായിരുന്ന കൂത്തുപറമ്പ് പള്ളന്‍ വീട്ടില്‍ വര്‍ഗീസ് (72) ആണ് മരിച്ചത്. ഇദ്ദേഹത്തിന് മറ്റ് അസുഖങ്ങള്‍ ഉണ്ടായിരുന്നതായി വിവരമുണ്ട്. റിട്ട. കെഎസ്ഇ ജീവനക്കാരനായിരുന്ന വര്‍ഗീസിനെ ജൂലൈ 18 നാണ് കൊവിഡ് ബാധിച്ച് മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചത്. തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലായിരുന്ന വര്‍ഗീസ് ഞായറാഴ്ച രാവിലെയാണ് മരിച്ചത്. ഇരിങ്ങാലക്കുടയില്‍ കൊറിയര്‍ സ്ഥാപനം നടത്തി വരികയായിരുന്നു.

മലപ്പുറം തിരൂരങ്ങാടിയില്‍ 71കാരനായ അബ്ദുല്‍ ഖാദറാണ് മരിച്ചത്. ഇന്ന് പുലര്‍ച്ചെയാണ് മരണം സംഭവിച്ചത്. ന്യൂമോണിയയും ശ്വാസതടസവും മൂലം മഞ്ചേരി മെഡിക്കല്‍ കോളജില്‍ ചികിത്സയിലായിരുന്നു. ഈ മാസം 19നാണ് ഇദ്ദേഹത്തിന് കൊവിഡ് സ്ഥിരീകരിച്ചത്. കാസര്‍ഗോഡ് കുമ്പളയിലാണ് മരണം റിപ്പോര്‍ട്ട് ചെയ്തത്. ആരിക്കാടി സ്വദേശി അബ്ദുല്‍ റഹ്മാന്‍ (70) ആണ് മരിച്ചത്. പരിയാരം മെഡിക്കല്‍ കോളജില്‍ ചികിത്സയിലായിരുന്നു.

ഇന്നലെ മാത്രം സംസ്ഥാനത്ത് അഞ്ച് കൊവിഡ് മരണം റിപ്പോര്‍ട്ട് ചെയ്തു. കാസര്‍ഗോഡ്, വയനാട്, പാലക്കാട് എന്നിവിടങ്ങളിലും എറണാകുളത്ത് രണ്ട് മരണവുമാണ് റിപ്പോര്‍ട്ട് ചെയ്തത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News