ആലപ്പുഴ: കൊവിഡ് ബാധിച്ച് മരിച്ചവരുടെ മൃതദേഹങ്ങള്‍ സംസ്‌കരിക്കുന്നതുമായി ബന്ധപ്പെട്ട അനിശ്ചിതത്വങ്ങള്‍ക്കിടെ മാതൃകാപരമായ തീരുമാനവുമായി ആലപ്പുഴ ലത്തീന്‍ രൂപത. കൊവിഡ് ബാധിച്ച് മരിച്ച ആളുകളുടെ മൃതദേഹങ്ങള്‍ ഇടവക സെമിത്തേരികളില്‍ തന്നെ ദഹിപ്പിക്കും. കൊവിഡ് പ്രോട്ടോക്കോള്‍ പ്രകാരം മൃതദേഹങ്ങള്‍ സംസ്‌കരിക്കാന്‍ കഴിയാത്ത സംഭവങ്ങള്‍ ആവര്‍ത്തിക്കുന്ന സാഹചര്യത്തിലാണ് സഭാ തീരുമാനം. ജില്ലാ കളക്ടറുമായി സഭാ പ്രതിനിധികള്‍ ഇത് സംബന്ധിച്ച് വിശദമായ ചര്‍ച്ചയും നടത്തി.
സംസ്‌കാര ചടങ്ങുകള്‍ക്ക് നേതൃത്വം നല്‍കാന്‍ വൈദികരുടെ സംഘത്തെ നിയോഗിച്ചിട്ടുണ്ട്. ആരോഗ്യ പ്രവര്‍ത്തകരുടെ മാര്‍ഗ്ഗ നിര്‍ദ്ദേശം അനുസരിച്ച് ഇവര്‍ സംസ്‌കാരം നടത്തും. പിന്തുടര്‍ന്ന് വന്ന രീതികളില്‍ നിന്ന് മാറി കാലഘട്ടം ആവശ്യപ്പെടുന്ന പ്രത്യേക സാഹചര്യം മുന്‍നിര്‍ത്തി തീരുമാനങ്ങള്‍ എടുത്ത സഭാ നേതൃത്വത്തെ ആലപ്പുഴ കളക്ടര്‍ അഭിനന്ദിച്ചു.
ആലപ്പുഴ ജില്ലാ ഭരണകൂടവും സഭാ ഭാരവാഹികളുമായി നടത്തിയ ചര്‍ച്ചകള്‍ക്കു ശേഷമാണ് ബിഷപ്പ് ജെയിംസ് ആനാപറമ്പില്‍ വിശ്വാസികളെ തീരുമാനം അറിയിക്കുകയായിരുന്നു. കഴിഞ്ഞ ദിവസം ആലപ്പുഴ ജില്ലയില്‍ മരിച്ച രണ്ടു പേരുടെ സംസ്‌കാരം ഇന്ന് പള്ളി സെമിത്തേരികളില്‍ നടക്കും