തിരുവനന്തപുരം: രണ്ടാം പിണറായി സര്‍ക്കാരിന്റെ സത്യപ്രതിജ്ഞാ ചടങ്ങ് നടക്കുന്ന തിരുവനന്തപുരം സെന്‍ട്രല്‍ സ്റ്റേഡിയത്തിലെ കരാര്‍ തൊഴിലാളിക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഇലക്ട്രിക്കല്‍ വിഭാഗത്തിലെ ജീവനക്കാരനാണ് രോഗം ബാധിച്ചത്. സമ്പര്‍ക്കം പുലര്‍ത്തിയ രണ്ട് ജീവനക്കാരെ നിരീക്ഷണത്തില്‍ പ്രവേശിപ്പിച്ചു.
വ്യാഴാഴ്ച ഉച്ചകഴിഞ്ഞു മൂന്നരയ്ക്കാണ് സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ പിണറായി സര്‍ക്കാരിന്റെ സത്യപ്രതിജ്ഞ. ചടങ്ങില്‍ 500 പേര്‍ പങ്കെടുക്കും. ക്ഷണിക്കപ്പെട്ട അതിഥികള്‍ക്കു മാത്രമായിരിക്കും ചടങ്ങില്‍ പ്രവേശനം.
500 പേരെ പങ്കെടുപ്പിച്ചുകൊ്ട് സത്യപ്രതിജ്ഞ ചടങ്ങ് നടത്തുന്നതിനെതിരെ സമൂഹത്തിന്റെ വിവിധ കോണുകളില്‍ നിന്ന് വിമര്‍ശനങ്ങള്‍ ഉയരുന്നുണ്ട്. മന്ത്രിസഭ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേല്‍ക്കാന്‍ അനിവാര്യമായിട്ടുള്ളത് ഗവര്‍ണറും പ്രതിജ്ഞാ രജിസ്റ്റര്‍ സൂക്ഷിക്കുന്ന ഉദ്യോഗസ്ഥന്‍ അടക്കമുള്ള ജീവനക്കാരും സത്യപ്രതിജ്ഞ ചെയ്യേണ്ടവരും മാത്രം മതിയെന്ന് നിയമവിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു. തിരഞ്ഞെടുക്കപ്പെട്ട എം.എല്‍.എ.മാരുടെ സാന്നിധ്യംപോലും അനിവാര്യമല്ലെന്ന് നിയമവിദഗ്ധര്‍ പറയുന്നത്.
ഭരണഘടനയുടെ മൂന്നാം പട്ടികയിലാണ് സംസ്ഥാന മന്ത്രിമാരുടെ സത്യപ്രതിജ്ഞയെക്കുറിച്ച് വിവരിക്കുന്നത്. മന്ത്രിയുടെ ഉദ്യോഗം സംബന്ധിച്ച പ്രതിജ്ഞയും മന്ത്രിയെന്നനിലയിലുള്ള രഹസ്യ പരിപാലന ശപഥവുമാണ് ഗവര്‍ണറുടെ സാന്നിധ്യത്തില്‍ എടുക്കേണ്ടത്. ഗവര്‍ണറുടെ സാന്നിധ്യത്തില്‍ സത്യപ്രതിജ്ഞചെയ്യുന്ന മന്ത്രിമാര്‍ ഓത്ത് രജിസ്റ്ററില്‍ ഒപ്പിട്ട് സെക്രട്ടേറിയറ്റില്‍ എത്തി ചുമതല ഏറ്റെടുക്കുന്നതോടെ അവസാനിക്കുന്നതാണ് ഈ ചടങ്ങ്.
ചീഫ് സെക്രട്ടറിയടക്കമുള്ള ഉദ്യോഗസ്ഥരേ ഇതിന് ആവശ്യമുള്ളൂ. പിന്നെ ആവശ്യമുള്ളത് മന്ത്രിമാര്‍ സഞ്ചരിക്കുന്ന വാഹനത്തിലെ ഡ്രൈവര്‍മാരാണ്. ഒരു മന്ത്രിക്ക് സത്യപ്രതിജ്ഞചെയ്യാന്‍ ഏറിയാല്‍ ആവശ്യമുള്ളത് അഞ്ചു മിനിറ്റാണ്. 21 മന്ത്രിമാര്‍ക്ക് സത്യപ്രതിജ്ഞചെയ്യാന്‍ രണ്ടു മണിക്കൂര്‍ സമയംമതി.