രാജ്യത്ത് കൊവിഡ് വ്യാപനം രൂക്ഷം;പ്രതിദിന പൊസിറ്റിവിറ്റി നിരക്ക് കുത്തനെ കൂടി
ദില്ലി: രാജ്യത്ത് കൊവിഡ് വ്യാപനം രൂക്ഷമാകുന്നു. കൊവിഡ് പ്രതിദിന പൊസിറ്റിവിറ്റി നിരക്ക് കുത്തനെ കൂടുകയാണ്. 24 മണിക്കൂറിനിടെ 12781 പേർക്കാണ് രാജ്യത്ത് രോഗം സ്ഥിരീകരിച്ചത്. പ്രതിദിന രോഗികളുടെ എണ്ണം കുറഞ്ഞെങ്കിലും ടിപിആറിൽ വൻ വർധനയാണ് ഉണ്ടായത്. 4.32 ശതമാനമാണ് പ്രതിദിന ടിപിആർ. മഹാരാഷ്ട്ര, കേരളം, ദില്ലി എന്നിവിടങ്ങളിലാണ് ഏറ്റവും കൂടുതൽ രോഗബാധിതരുള്ളത്. കൊവിഡ് ബാധിച്ചു മരിച്ചവരുടെ എണ്ണവും വർധിച്ചു. ഇന്നലെ 18 കൊവിഡ് മരണമാണ് റിപ്പോർട്ട് ചെയ്തത്.
കേരളത്തിൽ ഇന്നലെ 2,786 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. 24 മണിക്കൂറിനിടെ അഞ്ച് കൊവിഡ് മരണവും സ്ഥിരീകരിച്ചിരുന്നു. 2,072 പേര്‍ രോഗമുക്തരാവുകയും ചെയ്തു. റിപ്പോർട്ട് ചെയ്ത കൊവിഡ് കേസുകളിൽ കൂടുതൽ രോഗികള്‍ എറണാകുളത്താണ്. 574 കേസുകളാണ് 24 മണിക്കൂറിനിടെ എറണാകുളത്ത് സ്ഥിരീകരിച്ചത്. 534 കേസുകൾ തിരുവനന്തപുരത്തും 348 കേസുകൾ കോട്ടയത്തും സ്ഥിരീകരിച്ചിട്ടുണ്ട്. കഴിഞ്ഞ അഞ്ച് ദിവസം മൂവായിരത്തിന് മുകളിലായിരുന്നു കേരളത്തിലെ പ്രതിദിന കൊവിഡ് കേസുകള്‍.
ഇതിനിടെ, മൂക്കിലൂടെ നൽകാവുന്ന കൊവിഡ് പ്രതിരോധ വാക്സീന്റെ പരീക്ഷണ ഘട്ടങ്ങൾ വിജയകരമായി പൂർത്തിയായെന്ന് കൊവാക്സിൻ നിർമാതാക്കളായ ഭാരത് ബയോടെക് അവകാശപ്പെട്ടു. ക്ലിനിക്കൽ പരീക്ഷണ വിവരങ്ങൾ അടുത്ത മാസം ഡ്രഗ്‍സ് കൺട്രോളർ ജനറലിന് കൈമാറും. അനുമതി കിട്ടിയാൽ യാഥാർത്ഥ്യമാകുന്നത് മൂക്കിലൂടെ നൽകാവുന്ന ലോകത്തിലെ ആദ്യ വാക്സീനെന്ന് ഭാരത് ബയോടെക് ചെയർമാൻ ഡോ. കൃഷ്ണ എല്ല അവകാശപ്പെട്ടു. മൂക്കിലൂടെയുള്ള നേസൽ വാക്സീന്റെ മൂന്നാംഘട്ട പരീക്ഷണത്തിന് ജനുവരിയിലാണ് ഡിസിജിഐ (DCGI) അനുമതി നൽകിയത്.
അന്താരാഷ്ട്ര തലത്തിൽ യാത്രാ നിയന്ത്രണങ്ങളിൽ ഇളവ് വന്നതോടെ ‘എയർ സുവിധ’ പോർട്ടൽ പിൻവലിക്കാൻ വ്യോമയാന മന്ത്രാലയം നീക്കം തുടങ്ങി. ‘എയർ സുവിധ’ പിൻവലിക്കണമെന്നാവശ്യപ്പെട്ട് വ്യോമയാന മന്ത്രാലയം ആരോഗ്യമന്ത്രാലയത്തിന് കത്ത് നൽകിയിട്ടുണ്ട്. ഇക്കാര്യത്തിൽ രണ്ട് മാസത്തിനുളളിൽ തീരുമാനമുണ്ടാകുമെന്ന് ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി. കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ വിദേശ രാജ്യങ്ങളിൽ നിന്ന് ഇന്ത്യയിലേക്ക് യാത്ര ചെയ്യുന്നവർ നിർബന്ധമായും വിവരങ്ങൾ രേഖപ്പെടുത്തണമെന്ന് കേന്ദ്രം നിർദേശിച്ചിരുന്നു. ഇത്തരത്തിൽ യാത്രക്കാർക്ക് വിവരങ്ങൾ രേഖപ്പെടുത്താൻ ആവിഷ്കരിച്ച പോർട്ടലാണ് ‘എയർ സുവിധ’.