പെട്രോൾ പമ്പുകൾക്കു മുന്നിൽ നീണ്ട ക്യൂ, ചായയും ലഘുഭക്ഷണവും വിതരണം ചെയ്ത് ക്രിക്കറ്റ് താരം, ലോകകപ്പ് ജേതാവിനെ പ്രശംസിച്ച് ലോകം
കൊളംബോ: ഇന്ത്യൻ ടീമിനെ തച്ചുതകർത്ത് സനത് ജയസൂര്യയ്ക്കൊപ്പം ലോകറെക്കോർഡ് കൂട്ടുകെട്ടുണ്ടാക്കിയ ശ്രീലങ്കൻ താരം റോഷൻ മഹാനാമയെ(Roshan Mahanama) ഓർമയില്ലേ? ക്രിക്കറ്റിൽ നിന്ന് വഴിമാറിയ റോഷൻ ഇന്ന് മറ്റൊരു ജോലിയിലാണ്.
റൺമഴ കണ്ട 1997ലെ ഇന്ത്യ-ശ്രീലങ്ക പോരാട്ടമായിരുന്നു വേദി. നാല് സെഞ്ച്വറിയും ഒരു ട്രിപ്പിൾ സെഞ്ച്വറിയും ഒരു ഇരട്ട സെഞ്ച്വറിയും പിറന്ന മത്സരം. അന്ന് 952 റൺസെന്ന ഇന്നും തകർക്കാനാകാത്ത റെക്കോർഡ് സ്കോർ ശ്രീലങ്കയ്ക്ക് സമ്മാനിച്ചതിൽ പ്രധാനിയായിരുന്നു റോഷൻ മഹാനാമ. 13 വർഷം നീണ്ട ക്രിക്കറ്റ് ജീവിതം അവസാനിച്ചതിന് ശേഷം ലോകം കണ്ട ഏറ്റവും മികച്ച മാച്ച് റഫറി കൂടിയായി റോഷൻ. ഇന്ന് ശ്രീലങ്കയിലെ സാമ്പത്തിക പ്രതിസന്ധിയിൽ ജനങ്ങൾ വീർപ്പുമുട്ടുമ്പോൾ അവർക്ക് അത്താണിയാകുന്നു ഈ മുൻക്രിക്കറ്റ് താരം.
ഭക്ഷണത്തിനും മരുന്നിനും ഗ്യാസിനും ഇന്ധനത്തിനും എന്തിന് ടോയ്‍ലറ്റ് പേപ്പർ വാങ്ങാൻ പോലും ശ്രീലങ്കയിൽ വൻ ക്യൂ ആണ് കാണാനാവുക. മണിക്കൂറുകൾ നീളുന്ന ക്യൂവിൽ അവസരം കാത്ത് ആരോഗ്യപ്രശ്നമുള്ളവരും എത്തുന്നതറിഞ്ഞാണ് റോഷൻ മഹാനാമയും സംഘവും അവർക്ക് ഭക്ഷണവും വെള്ളവും ചായയും വിതരണം ചെയ്യാൻ എത്തിയത്. ട്വിറ്ററിലൂടെ താരം തന്നെയാണ് നാടിന്‍റെ ദുരവസ്ഥ വീണ്ടും ഓർമിപ്പിച്ചത്. പ്രതിസന്ധി ഘട്ടത്തിൽ ഒന്നിച്ച് നിൽക്കണമെന്നും അവരവരുടെ ചുറ്റിലുമുള്ളവരെ സഹായിക്കാൻ രംഗത്ത് വരണമെന്നും റോഷൻ മഹാനാമ ട്വിറ്ററിൽ കുറിച്ചു.
We served tea and buns with the team from Community Meal Share this evening for the people at the petrol queues around Ward Place and Wijerama mawatha.
— Roshan Mahanama (@Rosh_Maha) June 18, 2022
The queues are getting longer by the day and there will be many health risks to people staying in queues. pic.twitter.com/i0sdr2xptI
1948ൽ സ്വാതന്ത്ര്യം നേടിയതിന് ശേഷം ശ്രീലങ്ക നേരിടുന്ന ഏറ്റവും വലിയ സാമ്പത്തിക പ്രതിസന്ധിയാണ് ഇപ്പോഴത്തേത്.