രാജ്യത്ത് തുടർച്ചയായ രണ്ടാം ദിവസവും 12000 കടന്ന് കൊവിഡ് രോഗികൾ
ഡൽഹി: രാജ്യത്ത് കൊവിഡ് കണക്കുകൾ ഇന്നും ഉയർന്നുതന്നെ. തുടർച്ചയായി രണ്ടാം ദിവസവും രോഗികളുടെ എണ്ണം 12,000 കടന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 12,847 പുതിയ കൊവിഡ് കേസുകൾ റിപ്പോർട്ട് ചെയ്‌തു. 14 മരണങ്ങളും സ്ഥിരീകരിച്ചതായി കേന്ദ്ര ആരോഗ്യമന്ത്രാലയം പുറത്തിറക്കിയ കണക്കുകളിൽ പറയുന്നു.
രാജ്യത്തെ ആക്‌ടീവ് കേസുകളുടെ എണ്ണം 63,063 ആണ്. ഇതുവരെ 5,24,817 മരണങ്ങളാണ് കൊവിഡ് മൂലം രാജ്യത്തുണ്ടായത്. ഇന്ന് 7985 പേർ രോഗമുക്തി നേടി. 98.65 ആണ് ദേശീയ രോഗമുക്തി നിരക്ക്. ടിപിആർ 2.38 ശതമാനമാണ്.
ഇതുവരെ രാജ്യത്ത് 195.67 കോടി ഡോസ് വാക്‌സിൻ വിതരണം ചെയ്‌തു. മുതിർന്നവരിൽ 89 ശതമാനവും കൊവിഡ് വാക്‌സിൻ സ്വീകരിച്ചതായി കേന്ദ്ര ആരോഗ്യമന്ത്രി മൻസുഖ് മാണ്ഡവ്യ പറഞ്ഞു. കൊവിഡ് പ്രതിദിന കണക്ക് നോക്കിയാൽ 4255 കേസുകളുളള മഹാരാഷ്‌ട്രയാണ് ഒന്നാമത്. 3419 കേസുകളുമായി കേരളം രണ്ടാമതാണ്. 1323 കേസുകളുമായി ഡൽഹിയാണ് മൂന്നാമത്. കൊവിഡ് പ്രതിദിന മരണം കൂടുതൽ ഇന്ന് കേരളത്തിലാണ്. രാജ്യത്തെ ആകെ മരിച്ച 14ൽ എട്ടുപേരും കേരളത്തിലാണ്. മഹാരാഷ്‌ട്രയിൽ മൂന്ന്, ഡൽഹി രണ്ട്, കർണാടക ഒന്ന് എന്നിങ്ങനെയാണ് മറ്റ് സംസ്ഥാനങ്ങളിലെ കണക്കുകൾ.