26.6 C
Kottayam
Saturday, May 18, 2024

ഇടതുപക്ഷത്തെയും മുഖ്യമന്ത്രിയെയും നിന്ദ്യമായ ഭാഷയിൽ അധിക്ഷേപിച്ചു,അനുസ്മരണ ചടങ്ങിൽ നിന്ന് നടൻ ഹരീഷ് പേരടിയെ ഒഴിവാക്കിയതിൽ വിശദീകരണവുമായി പു.ക.സ

Must read

കോഴിക്കോട്: അന്തരിച്ച നാടക സംവിധായകൻ എ.ശാന്തൻ അനുസ്മരണ ചടങ്ങിൽ നിന്ന് നടൻ ഹരീഷ് പേരടിയെ ഒഴിവാക്കിയതിൽ വിശദീകരണവുമായി പുരോഗമന കലാ സാഹിത്യ സംഘം. ഇടതുപക്ഷത്തെയും മുഖ്യമന്ത്രിയെയും നിന്ദ്യമായ ഭാഷയിൽ അധിക്ഷേപിച്ചത് കൊണ്ടാണ് ശാന്തൻ അനുസ്മരണ പരിപാടിയിൽ നിന്ന് ഹരീഷ് പേരടിയെ ഒഴിവാക്കിയതെന്ന് പു.ക.സ. കോഴിക്കോട് ജില്ലാ സെക്രട്ടറി യു.ഹേമന്ദ് കുമാർ പറഞ്ഞു. കറുത്ത മാസ്ക് സംബന്ധിച്ച ഹരീഷിന്റെ ഫേസ്ബുക്ക് പോസ്റ്റും  തീരുമാനമെടുക്കാൻ പ്രേരിപ്പിച്ചു. എന്നാൽ ചടങ്ങിൽ നിന്ന് ഒഴിവാക്കുന്ന കാര്യം ഹരീഷിനെ അറിയിക്കാൻ വൈകിപ്പോയെന്ന് പു.ക.സ. വ്യക്തമാക്കി. 

എ.ശാന്തനെ അനുസ്മരിക്കാനായി, പുരോഗമന കലാ സാഹിത്യ സംഘം കോഴിക്കോട് ജില്ലാ കമ്മറ്റി സംഘടിപ്പിച്ച അനുസ്മരണച്ചടങ്ങ് ഉദ്ഘാടനം ചെയ്യേണ്ടിയിരുന്നത് ഹരീഷാണ്. ക്ഷണമനുസരിച്ച് എറണാകുളത്ത് നിന്ന് കോഴിക്കോട്ടേക്ക് ഉദ്ഘാടനത്തിനായി പുറപ്പെട്ട ശേഷമാണ് ചടങ്ങിൽ നിന്ന് ഒഴിവാക്കിയതായി അറിയിപ്പ് കിട്ടിയതെന്ന് നടൻ ഇന്നലെ പറഞ്ഞിരുന്നു. ഇതിനുപിന്നാലെയാണ് പു.ക.സ.യുടെ വിശദീകരണം. 

വിലക്കിനെക്കുറിച്ച് ഹരീഷ് പേരടിയുടെ ഫേസ്ബുക്ക് പോസ്റ്റ്

ശാന്താ, ഞാൻ ഇന്നലെ കോയമ്പത്തൂരിലെ ലോക്കേഷനിൽ നിന്ന് അനുവാദം ചോദിച്ച് പു.ക.സ യുടെ സംഘാടനത്തിലുള്ള നിന്റെ ഓർമ്മയിൽ പങ്കെടുക്കാൻ എറണാകുളത്തെ വീട്ടിലെത്തി. ഇന്നലെ രാത്രിയും സംഘാടകർ എന്നെ വിളിച്ച് സമയം ഉറപ്പിച്ചു. ഇന്ന് രാവിലെ ഞാൻ ബിന്ദുവിനേയും കൂട്ടി കോഴിക്കോട്ടേക്ക് പുറപ്പെട്ടു. 

പാതിവഴിയിൽ വച്ച് സംഘാടകരുടെ ഫോൺ വന്നു. പ്രത്യേക രാഷ്ട്രീയ സാഹചര്യത്തിൽ ഹരീഷ് ഈ പരിപാടിയിൽ പങ്കെടുക്കാതിരിക്കുന്നതാണ് നല്ലത് എന്ന സ്നേഹം പൊതിഞ്ഞ വാക്കുകളിൽ …നിന്റെ ഓർമകളുടെ സംഗമത്തിൽ ഞാൻ ഒരു തടസ്സമാണെങ്കിൽ അതിൽ നിന്ന് മാറി നിൽക്കുകയെന്നതാണ് എനിക്ക് നിനക്ക് തരാനുള്ള ഏറ്റവും വലിയ സ്നേഹവും.

അതുകൊണ്ട് ഞാൻ മാറി നിന്നു, ഇത് ആരെയും  കുറ്റപ്പെടുത്തുന്നതല്ല. ഇതാണ് സത്യം…പിന്നെ നിന്നെയോർക്കാൻ എനിക്ക് ഒരു സംഘടനയുടെയും സൗജന്യം ആവിശ്യമില്ലല്ലോ…”ദാമേട്ടാ സത്യങ്ങൾ വിളിച്ചു പറയാൻ എനിക്കെന്റെ ചൂണ്ടുവിരൽ വേണം”- നാടകം-പെരുംകൊല്ലൻ..

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week