KeralaNews

ആശുപത്രി രോഗികളുടെ എണ്ണം കൂടി;കണ്ണൂര്‍ ജില്ല എ കാറ്റഗറിയില്‍,പൊതുപരിപാടികളില്‍ 50 പേര്‍ മാത്രം

കണ്ണൂർ: ആശുപത്രികളിൽ കോവിഡ് ബാധിതർ കൂടിയ സാഹചര്യത്തിൽ കണ്ണൂർ ജില്ലയെ കൂടുതൽ നിയന്ത്രണങ്ങളുള്ള എ കാറ്റഗറിയിൽ ഉൾപ്പെടുത്തി. ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെടുന്ന രോഗികളുടെ എണ്ണം കൂടിയതിനെ തുടർന്നാണ് ജില്ലാ കളക്ടർ പുതിയ ഉത്തരവിട്ടത്.

ജനുവരി ഒന്നാം തിയ്യതിയെ അടിസ്ഥാനമാക്കി പരിശോധിച്ചാൽ ആശുപത്രിയിൽ പ്രവേശിപ്പിക്കുന്ന കോവിഡ് രോഗികളുടെ എണ്ണത്തിൽ 67 ശതമാനത്തിന്റെ വർധന രേഖപ്പെടുത്തിയിട്ടുണ്ട്. പൊതുപരിപാടികൾ, രാഷ്ട്രീയ, സാംസ്കാരിക, സാമൂഹിക, മതപരമായ ചടങ്ങുകൾ, മരണ, വിവാഹ ചടങ്ങുകൾ എന്നിവക്ക് ഇനി 50 പേരെ മാത്രമാണ് അനുവദിക്കുക.

രോഗികളുടെ എണ്ണം കൂടിയതിനാൽ പരിയാരം ഗവൺമെന്റ് മെഡിക്കൽ കോളേജിൽ കോവിഡ് ബാധിതരുടെ പ്രവേശനം ഇനി കൺട്രോൾ റൂം വഴിയാക്കുമെന്നും ജില്ലാ കളക്ടർ അറിയിച്ചു. കണ്ണൂർ ഗവൺമെന്റ് മെഡിക്കൽ കോളേജ് ആശുപത്രിയിൽ സന്ദർശകർക്ക് നിയന്ത്രണം ഏർപ്പെടുത്തി. തിങ്കളാഴ്ച്ച മുതൽ രാവിലെ എട്ടു മണി മുതൽ 11 മണി വരെ മാത്രമേ ഒപി പ്രവർത്തിക്കൂ. പനി ബാധിച്ചെത്തുന്ന രോഗികൾക്ക് പ്രത്യേക ഫീവർ ക്ലിനിക്കും തയ്യാറാക്കിയിട്ടുണ്ട്.

ആശുപത്രി കേസുകൾ, ഐസിയു കേസുകളിലെ വർധന എന്നിവ അടിസ്ഥാനമാക്കിയാണ് നിലവിൽ ജില്ലകളിലെ കോവിഡ് നിയന്ത്രണം. ജനുവരി ഒന്നിൽ നിന്ന് ആശുപത്രി അഡ്മിഷൻ ഇരട്ടിയും ഐസിയു കേസുകളിൽ 50% വർധനയും വന്നാൽ കാറ്റഗറി എയിൽ ഉൾപ്പെടുത്തും.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button