33.4 C
Kottayam
Friday, May 3, 2024

കൊവിഡ് ബാധിതയായ യുവതിക്ക് കനിവ് 108 ആംബുലന്‍സിനുള്ളില്‍ സുഖപ്രസവം

Must read

മലപ്പുറം: ആശുപത്രിയിലേക്കുള്ള യാത്രാമധ്യേ കൊവിഡ് ബാധിച്ച യുവതിക്ക് കനിവ് 108 ആംബുലന്‍സിനുള്ളില്‍ സുഖപ്രസവം. മലപ്പുറം തിരൂരങ്ങാടി സ്വദേശിനിയായ 30 വയസുകാരിയാണ് കനിവ് 108 ആംബുലന്‍സിനുള്ളില്‍ ആണ്‍കുഞ്ഞിന് ജന്മം നല്‍കിയത്. അമ്മയും കുഞ്ഞും മലപ്പുറം മഞ്ചേരി മെഡിക്കല്‍ കോളേജില്‍ ചികിത്സയിലാണ്. ഇരുവരും സുഖമായി ഇരിക്കുന്നതായി ആശുപത്രി അധികൃതര്‍ അറിയിച്ചു.

കൊവിഡ് കാലത്ത് ഇതുപോലെയുള്ള മാതൃകാപരമായ പ്രവര്‍ത്തനം നടത്തുന്നത് അഭിനന്ദനാര്‍ഹമാണെന്ന് ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ പറഞ്ഞു. ഇത് രണ്ടാം തവണയാണ് കനിവ് 108 ആംബുലന്‍സില്‍ കൊവിഡ് ബാധിതയായ യുവതി പ്രസവിക്കുന്നത്. ഇതിന് മുമ്പ് കണ്ണൂര്‍ മെഡിക്കല്‍ കോളേജില്‍ എത്തിക്കുന്ന വഴിയാണ് ഇത്തരത്തില്‍ പ്രസവം നടന്നത്. യുവതിക്ക് മികച്ച പരിചരണം നല്‍കി ആശുപത്രിയിലെത്തിച്ച ആംബുലന്‍സ് ജീവനക്കാരെ അഭിനന്ദിക്കുന്നതായും മന്ത്രി പറഞ്ഞു.

ഈ മാസം 15നായിരുന്നു യുവതിയുടെ പ്രസവ തീയതി. തിരൂരങ്ങാടി താലൂക്ക് ആശുപത്രിയില്‍ അഡ്മിറ്റ് ആകാന്‍ എത്തിയ യുവതിക്ക് ഇതിന് മുന്നോടിയായി നടത്തിയ കൊവിഡ് പരിശോധനയിലാണ് കൊവിഡ് പോസിറ്റീവ് ആണെന്ന് കണ്ടെത്തിയത്. തുടര്‍ന്ന് ഉടന്‍ തന്നെ മികച്ച ചികിത്സയ്ക്കായി ഇവരെ മഞ്ചേരി മെഡിക്കല്‍ കോളജിലേക്ക് ഡോക്ടര്‍മാര്‍ റഫര്‍ ചെയ്യുകയായിരുന്നു. കണ്ട്രോള്‍ റൂമില്‍ നിന്നുള്ള വിവരത്തിന്റെ അടിസ്ഥാനത്തില്‍ ഉടന്‍ തന്നെ തിരൂരങ്ങാടി താലൂക്ക് ആശുപത്രിക്ക് കീഴില്‍ സേവനം നടത്തുന്ന കനിവ് 108 ആംബുലന്‍സ് സ്ഥലത്തെത്തി. ആംബുലന്‍സ് പുറപ്പെട്ട് കുറച്ച് കഴിഞ്ഞപ്പോള്‍ യുവതിയ്ക്ക് പ്രസവ വേദനയുടെ ലക്ഷണങ്ങള്‍ കണ്ടുതുടങ്ങി. പാണക്കാട് എത്തിയപ്പോള്‍ യുവതിയുടെ ആരോഗ്യനില വഷളായി.

തുടര്‍ന്ന് ആംബുലന്‍സിലെ എമര്‍ജന്‍സി മെഡിക്കല്‍ ടെക്‌നീഷ്യന്‍ നടത്തിയ പരിശോധനയില്‍ യുവതിയെ മുന്നോട്ട് കൊണ്ട് പോകാന്‍ കഴിയാത്ത സാഹചര്യമാണെന്ന് മനസിലായി. ഉടന്‍ തന്നെ ആംബുലന്‍സ് നിര്‍ത്തിയ ശേഷം എമര്‍ജന്‍സി മെഡിക്കല്‍ ടെക്‌നീഷ്യന്റെ പരിചരണത്തില്‍ ഉച്ചയ്ക്ക് ഒരു മണിയോടെ യുവതി കുഞ്ഞിന് ജന്മം നല്‍കുകയായിരുന്നു. പ്രഥമ ശുശ്രൂഷ നല്‍കിയ ശേഷം ഉടന്‍ തന്നെ അമ്മയേയും കുഞ്ഞിനേയും മഞ്ചേരി മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു. കനിവ് 108 ആംബുലന്‍സ് എമര്‍ജന്‍സി മെഡിക്കല്‍ ടെക്‌നീഷ്യന്‍ പി.കെ. ജെറീസ്, പൈലറ്റ് മുഹമ്മദ് റിയാസ് എന്നിവരാണ് യുവതിക്ക് സഹായമായത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week