കൊവിഡ് പ്രതിരോധം: കേരളത്തിന് കേന്ദ്രത്തിന്റെ അനുമോദനം,സംസ്ഥാനത്തിന്റേത് അനുകരണീയ മാതൃകയെന്ന് ആരോഗ്യമന്ത്രാലയം
ന്യൂഡല്‍ഹി : കോവിഡ് വ്യാപനം തടയാനുള്ള പോരാട്ടത്തില്‍,കേരളത്തെ പ്രശംസിച്ച് കേന്ദ്ര ആരോഗ്യമന്ത്രാലയം. കോവിഡ് നിയന്ത്രണ വിധേയമാക്കുന്നതില്‍ കേരളത്തിന്റെ മാതൃക അനുകരണീയമെന്നും, കേരളം നടപ്പിലാക്കിയ മാതൃക ഉത്തമ ഉദാഹരണമാണെന്നും ജോയിന്റ് സെക്രട്ടറി ലാവ് അഗര്‍വാള്‍ പറഞ്ഞു.
കോവിഡ്-19 രോഗ വ്യാപനത്തിന്റെ കുറവ് രാജ്യത്ത് കുറയുന്നുവെന്നും കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു. ലോക്ക്ഡൗണ്‍ കാരണമാണ് രോഗവ്യാപന തോത് കുറഞ്ഞത്. ലോക്ക്ഡൗണ്‍ പ്രഖ്യാപിക്കുന്നതിനു മുന്‍പുള്ള മാര്‍ച്ച് ആദ്യവാരം, കോവിഡ് ബാധിതരുടെ എണ്ണം മൂന്നു ദിവസത്തില്‍ ഇരട്ടിക്കുന്നതായിരുന്നു സ്ഥിതിയെങ്കില്‍ കഴിഞ്ഞ ഏഴ് ദിവസം ഇത് 6.2 ദിവസമായി മാറിയിട്ടുണ്ടെന്നു ആരോഗ്യമന്ത്രാലയം പറയുന്നു. അതോടൊപ്പം പുതിയ കേസുകളുടെ വളര്‍ച്ചയിലും 40 ശതമാനം ഇടിവുണ്ടായിട്ടുണ്ട്. നാല് ശതമാനം മാത്രമുള്ള നിലവിലെ രാജ്യത്തെ രോഗ വ്യാപന തോത്. ഇത് മറ്റ് രാജ്യങ്ങളെ അപേക്ഷിച്ച് കുറവാണെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു. രോഗം ഭേദമാകുന്നവരുടെ തോതിലും വര്‍ധനവുണ്ടായിട്ടുണ്ട്. 13 ശതമാനമാണ് രോഗം ഭേദമാകുന്നവരുടെ നിരക്ക്. കേരളം ഉള്‍പ്പെടെ 19 സംസ്ഥാനങ്ങളില്‍ രോഗ വ്യാപനം ദേശീയ ശരാശരിയേക്കാള്‍ കുറവാണെന്നും കേരളത്തില്‍ താഴേത്തട്ടിലുള്ള രോഗപ്രതിരോധ പ്രവര്‍ത്തനങ്ങളുടെ വിജയമാണ് രോഗവ്യാപനം കുറയ്ക്കാന്‍ ഇടയാക്കിയതെന്നും കേന്ദ്ര ആരോഗ്യമന്ത്രാലയം വ്യക്തമാക്കി.
കേരളത്തില്‍ കടന്നുപോയത് ആശ്വാസ ദിനമാണ്, ഒരാള്‍ക്ക് മാത്രമാണ് ഇന്നലെ കോവിഡ് പോസിറ്റീവായത്. കോഴിക്കോട് ജില്ലയിലുള്ളയാള്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. സമ്പര്‍ക്കത്തിലൂടെയാണ് ഇയാള്‍ക്ക് രോഗം വന്നത്. 10 പേര്‍ കൂടി രോഗമുക്തി നേടി, കാസര്‍ഗോഡ് ജില്ലയിലെ 6 പേരുടേയും എറണാകുളം ജില്ലയിലെ 2 പേരുടേയും ആലപ്പുഴ, മലപ്പുറം എന്നീ ജില്ലകളിലുള്ള ഓരോരുത്തരുടേയും പരിശോധനാഫലമാണ് നെഗറ്റീവായത്. 255 പേരാണ് ഇതുവരെ കോവിഡില്‍ നിന്നും സുഖം പ്രാപിച്ചത്. നിലവില്‍ 138 പേരാണ് സംസ്ഥാനത്തെ വിവിധ ആശുപത്രികളില്‍ ചികിത്സയിലുള്ളത്.
സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 78,980 പേര്‍ നിരീക്ഷണത്തിലാണ്. ഇവരില്‍ 78,454 പേര്‍ വീടുകളിലും 526 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 84 പേരെയാണ് ഇന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. രോഗലക്ഷണങ്ങളുള്ള 18,029 വ്യക്തികളുടെ സാമ്പിള്‍ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. ഇതില്‍ ലഭ്യമായ 17,279 സാമ്പിളുകളുടെ പരിശോധനാ ഫലം നെഗറ്റിവ് ആണ്