29.1 C
Kottayam
Friday, May 3, 2024

കോവാക്‌സിന് അംഗീകാരമായില്ല; കൂടുതല്‍ തെളിവുകള്‍ വേണമെന്ന് ഡബ്ല്യു.എച്ച്.ഒ

Must read

ജനീവ: ഇന്ത്യന്‍ നിര്‍മിത കൊവിഡ് വാക്‌സിനായ കോവാക്‌സിന് ആഗോള അംഗീകാരം നല്‍കാതെ ലോകാരോഗ്യ സംഘടന(ഡബ്ല്യുഎച്ച്ഒ). കോവാക്സിന്‍ അടിയന്തര ഉപയോഗാനുമതി പട്ടികയില്‍ (ഇയുഎല്‍) ഉള്‍പ്പെടുത്താന്‍ കൂടുതല്‍ തെളിവുകള്‍ വേണമെന്ന് ലോകാരോഗ്യ സംഘടനയുടെ സാങ്കേതിക ഉപദേശ സമിതി അറിയിച്ചു.

കോവാക്സിന്‍ ഉത്പാദകരായ ഭാരത് ബയോടെക്കില്‍ നിന്ന് ലോകാരോഗ്യ സംഘടനയുടെ പാനല്‍ കൂടുതല്‍ വിവരങ്ങള്‍ ആവശ്യപ്പെട്ടു. കോവാക്സിന് അംഗീകാരം നല്‍കുന്നത് സംബന്ധിച്ച് ചര്‍ച്ചകള്‍ക്കായി സാങ്കേതിക ഉപദേശ സമിതി നവംബര്‍ മൂന്നിന് വീണ്ടും യോഗം ചേരുമെന്ന് ലോകാരോഗ്യ സംഘടന മുഖ്യ ശാസ്ത്രജ്ഞ സൗമ്യ സ്വാമിനാഥന്‍ ട്വീറ്റിലൂടെ അറിയിച്ചു.

ഇന്നത്തെ യോഗത്തില്‍ കോവാക്‌സിന് ലോകാരോഗ്യസംഘടനയുടെ അംഗീകാരം ലഭിക്കുമെന്നാണ് പ്രതീക്ഷിച്ചിരുന്നത്. ലോകാരോഗ്യസംഘടനയുടെ നിര്‍ദേശപ്രകാരം ഭാരത് ബയോടെക്കില്‍ കൂടുതല്‍ രേഖകളും പരീക്ഷണ റിപ്പോര്‍ട്ടുകളും സമര്‍പ്പിച്ചെങ്കിലും പരിശോധനയില്‍ സംഘടനാ സമിതിക്ക് കാര്യങ്ങള്‍ തൃപ്തികരമായില്ല.

പുതിയതോ ലൈസന്‍സില്ലാത്തതോ ആയ ഉല്‍പന്നം പൊതുജനാരോഗ്യ സംരക്ഷണത്തിന് ഉപയോഗിക്കാന്‍ ലോകാരോഗ്യ സംഘടന അനുമതി നല്‍കുന്നതിന്റെ പ്രധാന ഘട്ടമാണ് അടിയന്തര ഉപയോഗാനുമതി പട്ടികയില്‍ (ഇയുഎല്‍) ഉള്‍പ്പെടുത്തുകയെന്നത്. അടുത്ത യോഗത്തില്‍ അടിയന്തര ഉപയോഗാനുമതി നല്‍കുമെന്നാണു കരുതുന്നത്.

കോവാക്സിന്‍ വികസിപ്പിച്ചത് ഹൈദരാബാദ് ആസ്ഥാനമായ ഭാരത് ബയോടെക്കാണ്. ഇന്ത്യയില്‍ ഉപയോഗാനുമതി ലഭിച്ചെങ്കിലും അമേരിക്കയിലും യൂറോപ്യന്‍ രാജ്യങ്ങളിലും അംഗീകാരമില്ല.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week