സംസ്ഥാനത്ത് ഹൈക്കോടതിയുള്‍പ്പടെയുള്ള കോടതികളുടെ പ്രവര്‍ത്തനം തിങ്കളാഴ്ച പുനരാരംഭിക്കും
തിരുവനന്തപുരം: സംസ്ഥാനത്ത് ഹൈക്കോടതിയുള്‍പ്പടെയുള്ള കോടതികളുടെ പ്രവര്‍ത്തനം തിങ്കളാഴ്ച മുതല്‍ പുനരാരംഭിക്കും. കോടതി മുറിക്കുള്ളില്‍ സാമൂഹിക അകലം പാലിക്കുന്നു എന്ന് ഉറപ്പാക്കിയാണ് പ്രവര്ത്തനം. കോടതിയുടെ പ്രവര്‍ത്തനം സംബന്ധിച്ച മാര്‍ഗ നിര്‍ദേശങ്ങള്‍ ഹൈക്കോടതി പുറത്തിറക്കി.
കോടതികളുടെ പ്രവര്‍ത്തനം സംബന്ധിച്ച് കര്‍ശന മാര്‍ഗ നിര്‍ദേശങ്ങളാണ് ഹൈക്കോടതി പുറപ്പെടുവിച്ചിട്ടുള്ളത്. ഹൈക്കോടതിയിലെ കോടതി മുറിക്കുള്ളില്‍ സര്‍ക്കാര്‍ അഭിഭാഷകര്‍ക്ക് പുറമെ ആറു അഭിഭാഷകര്‍ക്ക് മാത്രമാണ് പ്രവേശനം. എട്ട് കോടതികള്‍ വീഡിയോ കോണ്‍ഫറന്‍സിങ് വഴി കേസുകള്‍ പരിഗണിക്കും.
ഹൈക്കോടതിയിലേക്ക് പ്രവേശനം മൂന്നു ഗേറ്റുകളില്‍ കൂടി മാത്രമായിരിക്കും. പൊതു ജനങ്ങള്‍ക്കും നിയന്ത്രണമുണ്ട്. കേസുകള്‍ പരിഗണിക്കുന്ന സമയതല്ലാതെ അഭിഭാഷകര്‍ കോടതിയില്‍ പ്രവേശിക്കുന്നതിനും വിലക്കേര്‍പെടുത്തിയിട്ടുണ്ട്.
പുതുതായി ഫയല്‍ ചെയ്യുന്ന കേസുകള്‍ വീഡിയോ കോണ്‍ഫെറെന്‍സിങ് വഴി പരിഗണിക്കുമെന്നുമാണ് രജിസ്റ്റാര്‍ ഇറക്കിയ സര്‍ക്കുലറില്‍ പറയുന്നത്. കീഴ്ക്കോടതികളുടെ പ്രവര്‍ത്തനം സംബന്ധിച്ചും ഹൈക്കോടതി മാര്‍ഗരേഖ പുറത്തിറക്കി. സാമൂഹിക അകലം പാലിച്ചായിരിക്കും കീഴ്‌കോടതികളുടെയും പ്രവര്‍ത്തനം.
ജഡ്ജി ഉള്‍പ്പെടെ 10 പേര്‍ മാത്രമേ ഒരു സമയം കോടതിയില്‍ ഉണ്ടാകാവൂ. കേസുമായി ബന്ധപ്പെട്ടവര്‍ക്ക് മാത്രമായിരിക്കും കോടതി മുറിക്കുള്ളില്‍ പ്രവേശനം. കോടതി മുറിക്കു പുറത്തും ആളുകള്‍ കൂട്ടം കൂടാന്‍ അനുവദിക്കരുത്. അത്യാവശ്യ ഘട്ടങ്ങളില്‍ ഒഴികെ വ്യക്തികള്‍ നേരിട്ട് ഹാജരാകാന്‍ നിര്‍ദേശിക്കരുത്.