കനകമല തീവ്രവാദ കേസില്‍ ഒന്നാംപ്രതി മന്‍സീദ് മുഹമ്മദിന് പതിനാലു വര്‍ഷം തടവും പിഴയും
കൊച്ചി: കനകമല തീവ്രവാദ കേസില്‍ പ്രതികള്‍ക്ക് കൊച്ചി എന്‍.ഐ.എ കോടതി ശിക്ഷ വിധിച്ചു. പ്രതികള്‍ ഐ.എസുമായി നേരിട്ട് ബന്ധം സ്ഥാപിച്ചിട്ടില്ലെന്ന് കോടതി നിരീക്ഷിച്ചു. തീവ്രവാദ ബന്ധമുള്ള ലഘുലേഖകള്‍ പ്രചരിപ്പിച്ചുവെന്നും കോടതി കണ്ടെത്തി. കേസില്‍ ആറ് പ്രതികളാണുണ്ടായിരുന്നത്. ഒന്നാം പ്രതി മന്‍സീദ് മുഹമ്മദിന് പതിനാല് വര്‍ഷം തടവും പിഴയുമാണ് വിധിച്ചിരിക്കുന്നത്. മുഖ്യ ആസൂത്രകന്‍ എന്ന് എന്‍ഐഎ കുറ്റപത്രം നല്‍കിയ ആളാണ് മന്‍സീദ് മുഹമ്മദ്. രണ്ടാം പ്രതി സ്വാലിഹ് മുഹമ്മദിന് പത്ത് വര്‍ഷം തടവു പിഴയും, മൂന്നാം പ്രതി റാഷിദ് അലിക്ക് ഏഴ് വര്‍ഷം തടവും പിഴയും, നാലാം പ്രതി റംഷാദിന് മൂന്ന് വര്‍ഷം തടവും പിഴയും, അഞ്ചാം പ്രതിക്ക് എട്ട് വര്‍ഷം തടവും പിഴയും, എട്ടാം പ്രതി മൊയ്നുദീന്‍ പാറക്കടവത്തിന് മൂന്നു വര്‍ഷം തടവും പിഴയും എന്നിങ്ങനെയാണ് ശിക്ഷ വിധിച്ചത്.
തെളിവുകളുടെ അഭാവത്തില്‍ ആറാം പ്രതി എന്‍ കെ ജാസ്മിനെ കോടതി കുറ്റവിമുക്തമാക്കിയിരുന്നു. 2016 ഒക്ടോബറിലാണ് കേസിന് ആസ്പദമായ സംഭവം. കണ്ണൂരിലെ കനകമലയില്‍ ഒത്തുകൂടിയ സംഘത്തെ എന്‍ഐഎ പിടികൂടുകയായിരുന്നു. സംസ്ഥാനത്തെ ചില രാഷ്ട്രീയ നേതാക്കള്‍, ഹൈക്കോടതി ജഡ്ജിമാര്‍, പോലീസ് ഉദ്യോഗസ്ഥര്‍ എന്നിവര്‍ക്കും ഏഴ് സ്ഥാപനങ്ങള്‍ക്കും നേരെ ആക്രമണം നടത്താന്‍ ഇവര്‍ പദ്ധതിയിട്ടെന്നാണ് എന്‍ഐഎയുടെ കണ്ടെത്തല്‍.