യാഗം നടത്തിയാല്‍ കോവിഡ് മൂന്നാം തരംഗം ഇന്ത്യയെ ബാധിക്കില്ല;ബി.ജെ.പി മന്ത്രി ഉഷ താക്കൂര്‍
ഭോപ്പാല്‍: രാജ്യത്ത് കോവിഡ് രണ്ടാം തരംഗം രൂക്ഷമാകുമ്പോള്‍,രോഗമില്ലാതാക്കാന്‍ ഹിന്ദു ആചാരമായ യാഗം നടത്തിയാല്‍ മതിയെന്ന് മധ്യപ്രദേശ് ബിജെപി മന്ത്രി ഉഷ താക്കൂര്‍.
‘നമ്മുടെ അന്തരീക്ഷത്തെ ശുദ്ധീകരിക്കാന്‍ നാലു ദിവസം നീണ്ടുനില്‍ക്കുന്ന യാഗം നടത്തണം. യാഗ്‌ന ചികിത്സ എന്നാണ് ഇതറിയപ്പെടുന്നത്. നമ്മുടെ പൂര്‍വ്വികര്‍ മഹാമാരിയെ തടുക്കാന്‍ ഇതൊക്കെയാണ് ചെയ്തിരുന്നത്. ഇങ്ങനെ ചെയ്താല്‍ പിന്നെ കൊറോണയൊക്കെ ഇന്ത്യയില്‍ നിന്ന് പമ്പ കടക്കും’- ഉഷ താക്കൂര്‍ പറഞ്ഞു.
ഇന്‍ഡോറിലെ ദേവി അഹല്യാഭായി എയര്‍പോര്‍ട്ടില്‍ മുമ്പ് പൂജ നടത്തിയ വ്യക്തിയാണ് ഉഷ താക്കൂര്‍. മാസ്‌കോ സാമൂഹിക അകലമോ പാലിക്കാതെയാണ് ഇവര്‍ പൂജ നടത്തിയത്. എയര്‍പോര്‍ട്ടിലെ ജീവനക്കാരും ഇവരോടൊപ്പം ചടങ്ങില്‍ പങ്കെടുത്തിരുന്നു.
കൊറോണയെ തുരത്താനെന്ന രീതിയിലാണ് എയര്‍പോര്‍ട്ടില്‍ പൂജ സംഘടിപ്പിച്ചത്. മാസ്‌ക് ധരിക്കാതെ പൊതുചടങ്ങില്‍ പങ്കെടുക്കുന്നത് ചോദ്യം ചെയ്ത മാധ്യമപ്രവര്‍ത്തകരോട്, താന്‍ എന്നും ഹനുമാന്‍ ചാലിസ ചൊല്ലാറുണ്ടെന്നും തനിക്ക് മാസ്‌ക് ധരിക്കേണ്ട ആവശ്യമില്ലെന്നുമാണ് മന്ത്രി പറഞ്ഞത്.കൊവിഡ് രോഗികള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യയിലെ പത്ത് സംസ്ഥാനങ്ങളിലൊന്നാണ് മധ്യപ്രദേശ്.